ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ നടപടി; രണ്ട് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിഡിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് കെ. സുധാകരന്‍ ഇവര്‍ക്കെതിരേ നടപടി പ്രഖ്യാപിച്ചത്.

വി ഡി സതീശനും കെ സുധാകരനുമെതിരെ രൂക്ഷവിമര്‍ശനമാണ് കെ പി അനില്‍ കുമാര്‍ നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. പുതിയ പട്ടിക കോണ്‍ഗ്രസിന്റെ വാട്ടര്‍ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീഷനും സുധാകരനും പറഞ്ഞത്. എന്നാല്‍, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. കെ പി അനില്‍ കുമാര്‍ പറഞ്ഞു.

കെ പി അനില്‍ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസന്‍ നായരും നടത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോര്‍മുല വച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സാധ്യമല്ല എന്നാണ് കെ ശിവദാസന്‍ നായര്‍ അഭിപ്രായപ്പെട്ടത്.

Top