സ്ത്രീയെ ആക്രമിച്ച കേസില്‍ നടപടി വൈകി, സസ്‌പെന്‍ഷനിലായി;4 പൊലീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കോട്ടയം: സ്ത്രീയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് വൈക്കം പൊലീസ് സ്റ്റേഷനില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. എസ് ഐ അജ്മല്‍ ഹുസൈന്‍, പൊലീസുകാരായ സാബു, വിനോയ്, വിനോദ് എന്നിവരുടെ സസ്‌പെന്‍ഷനാണ് ഡിഐജി എ. ശ്രീനിവാസ് പിന്‍വലിച്ചത്. ഈ മാസം 24 നാണ് ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം കണക്കിലെടുത്താണ് നടപടി പിന്‍വലിച്ചത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് സേനയ്ക്കുളളില്‍ അതൃപ്തിക്ക് വഴിവച്ചിരുന്നു.

കേസെടുക്കാന്‍ വൈകി, ദുര്‍ബലമായ വകുപ്പുകള്‍ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പൊലീസുകാരെ കൂട്ട സ്ഥലമാറ്റം നടത്തിയ നടപടിയില്‍ പൊലീസ് സേനയില്‍ അതൃപ്തി. കേസിനെ പറ്റി വിശദമായി അന്വേഷിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. നടപടി എടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ സേനയില്‍ കാര്യക്ഷമമായി ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണത്തിനുള്ള സ്വാഭാവിക സമയം എടുത്തതിന്റെ പേരില്‍ ഉണ്ടായ നടപടിയാണ് സേനയിലെ അതൃപ്തിക്ക് കാരണമായത്.

Top