മന്ത്രി റിയാസിൻ്റെ കോപത്തിൽ ഞെട്ടി ഉദ്യോഗസ്ഥരും കരാറുകാരും

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ ഓവുചാല്‍ നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദേശം. പ്രവൃത്തി മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയ അസി. എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നടപടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലാണ് മുമ്പുണ്ടായിരുന്ന ഓവുചാലിലെ വെള്ളത്തില്‍ സിമന്റിട്ട് കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തിയത്. ഓവുചാലില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പേരിന് സിമന്റ് മിശ്രിതം ചേര്‍ത്തായിരുന്നു പണി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണുയര്‍ന്നത്. പ്രധാന റോഡരികിലെ ഓവുചാല്‍ നിര്‍മാണത്തിലാണ് കൃത്രിമം കാട്ടിയത്.

പഴയ ഓവുചാല്‍ പുതുക്കിപ്പണിയുന്ന സ്ഥലങ്ങളില്‍ വലിയ അഴിമതി നടക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഓവുചാലിന്റെ വശങ്ങളിലും താഴെയും പേരിന് സിമന്റ് തേച്ച് പ്രവൃത്തി നടത്തിയെന്നു വരുത്തും. ഇത് സ്ലാബിട്ട് മൂടുന്നതോടെ പിന്നീടാര്‍ക്കും പരിശോധിക്കാനും സാധിക്കാറില്ല.

Top