മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി : ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടക്കുന്ന പ്രതിഷേധത്തില്‍ ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു. പ്രതിഷേധക്കാരായ ആറു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിവരെയാണ് അറസ്റ്റ് ചെയ്തത്. പമ്പയിലും സന്നിധാനത്തും തങ്ങളുടെ പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഒരൊറ്റ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും തങ്ങളുടെ നെഞ്ചില്‍ ചവുട്ടിയേ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കൂവെന്നും പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയാണെന്നും യുവമോര്‍ച്ച ആരോപിച്ചു. പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു.

Top