സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; അക്രമം നടത്തിയവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുക്കും

harthal

തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ ആക്രമം നട്തത്തിയവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് 405 പേരാണ് അറസ്റ്റിലായത്. ഇതില്‍ 115 പേരെ റിമാന്‍ഡു ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കിയതിനാണ് പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം കൂടി ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയത്. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലേക്കാര്‍ഡുകളേന്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്.

വാഹനങ്ങളേയും വഴിയാത്രക്കാരേയും ആക്രമിച്ച സംഭവത്തിലും സ്ഥാപനങ്ങള്‍ കൊളളയടിച്ച കേസിലുമായി അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രതികള്‍ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കൂടി കേസെടുക്കാനാണ് നിര്‍ദേശം.

ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയവരും അറസ്റ്റിലായവരുടെ പട്ടികയിലുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകും.

Top