ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കട ഉടമകള്‍ക്കെതിരെ നടപടി; ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് തുറക്കാന്‍ അനുമതിയുള്ള കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടികളാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതണം.

പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

Top