17 കാരിയെ കാണാതായ കേസില്‍ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: 17-കാരിയെ കാണാതായതുമായ് ബന്ധപ്പെട്ട് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും എതിരേ നടപടി. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ എം.ദിനേഷ് കുമാര്‍, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണര്‍ വി.എസ്.പ്രദീപ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.

പെണ്‍കുട്ടിയെ കാണാതായ ദിവസംതന്നെ, കൂട്ടുകാരിക്കു പങ്കുണ്ടെന്നു ബോധ്യമായിട്ടും അവരുടെ മൊഴിയെടുക്കുന്നതിനോ ഫോണ്‍ രേഖ പരിശോധിച്ച് ലൊക്കേഷന്‍ കണ്ടെത്തുന്നതിനോ ഇന്‍സ്പെക്ടര്‍ ശ്രമം നടത്തിയില്ലെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്വമേധയായാണ് കേസെടുത്തതെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് തിരുത്തിയില്ല. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്നു വ്യക്തമായിട്ടും അയാള്‍ നല്‍കിയ മൊഴിയിലെ വസ്തുതയും പരിശോധിച്ചട്ടില്ല. കേസന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിന് കേസുമായി ബന്ധമില്ലാത്തവരുടെ മൊഴികള്‍ രേഖപ്പെടുത്തി. കേസ് ഡയറി തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നും കണ്ടെത്തി.

കരുനാഗപ്പള്ളി എ.സി.പി.യായിരുന്ന വി.എസ്.പ്രദീപ്കുമാര്‍ ഈ കേസില്‍ കൃത്യമായ മേല്‍നോട്ടം വഹിച്ചില്ലെന്നാണ് ആരോപണം. ചവറ തെക്കുംഭാഗം പോലീസ് അന്വേഷിച്ചിട്ട് പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനു വിടാന്‍ കാരണമായെന്നും അന്വേഷണ ഉത്തരവില്‍ പറയുന്നു. ഇരുവരും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നു കണ്ടതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

Top