Action against police Association Leaders

കോഴിക്കോട്: വാട്‌സ്ആപ്പില്‍ അശ്ലീലദൃശ്യമിട്ടതിന് സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസില്‍ ചേരിപ്പോര് ശക്തമാകുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യപ്രതികരണം നടത്തിയ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ അച്ചടക്കലംഘനം നടത്തിയതിന് നടപടിയെടുക്കണമെന്ന കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തായി.

കോഴിക്കോട് കമ്മിഷണറായിരുന്ന പി.എ.വല്‍സന്‍ കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തായത്. സംഭവത്തെ തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ട ഡിവൈഎസ്പി അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന്റെ കോപ്പിയാണിത്.

കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ സിപിഒ ആയിരുന്ന എ.പി.ഷാജി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സമീപകാലത്തെങ്ങും ഉണ്ടാകാത്ത വിധമുള്ള കലാപമാണ് പൊലീസ് അസോസിയേഷന്‍ ഉയര്‍ത്തിയത്. ഒരു ഡിഐജി അടക്കം മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത് സേനക്കുള്ളിലും പുറത്തും പരസ്യമായിരുന്നു. അസോസിയേഷന്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ താനടക്കം ഉദ്യോഗസ്ഥരെ പരസ്യമായി വിമര്‍ശിച്ചെന്നും പ്രമേയം പാസാക്കിയെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും കാണിച്ചാണ് കോഴിക്കോട് കമ്മിഷണറായിരുന്ന പി.എ.വല്‍സന്‍ കണ്ണൂര്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സ്ഥലം മാറ്റത്തിന് മുമ്പായിരുന്നു ഇത്.

പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെഎസ് ചന്ദ്രാനന്ദന്‍, ജനറല്‍ സെക്രട്ടറി ജിആര്‍ അജിത് തുടങ്ങിയ പൊലീസ് നേതാക്കളുടെ പേരുസഹിതമാണ് റിപ്പോര്‍ട്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും പൊലീസില്‍ താഴെത്തട്ടിലുള്ളവര്‍ക്കുമിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.

സാദാ പൊലീസുകാര്‍ മാത്രമായ അസോസിയേഷന്‍ നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭരിക്കാന്‍ വരുന്നത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഐപിഎസുകാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. ഈ നിലപാടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സൂചന.

പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അച്ചടക്കലംഘനം നടത്തി മുന്നോട്ട് പോവുകയാണെങ്കില്‍ ‘മറ്റു കാര്യങ്ങള്‍’ ആലോചിക്കേണ്ടി വരുമെന്ന നിലപാടും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

അസോസിയേഷന്റെ നിലപാടിന് വഴങ്ങി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന സര്‍ക്കാര്‍ നിലപാടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടിയില്‍ ഇതിനകം തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഒരു പൊലീസുകാരന്റെ ഭാഗത്ത് നിന്ന് അബദ്ധത്തിലായാലും അറിഞ്ഞുകൊണ്ടായാലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഗുരുതര തെറ്റാണ് ആത്മഹത്യ ചെയ്ത ഷാജിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പെണ്‍കുട്ടികളടക്കമുള്ള വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്ത അശ്ലീലദൃശ്യം കണ്ട ആരും തന്നെ കമ്മീഷണറുടെ നടപടിയെ ഒരിക്കലും ചോദ്യം ചെയ്യില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം പൊലീസുകാരന്റെ മരണത്തിന് പിന്നാലെ കോഴിക്കോട്ട് നിന്ന് സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലില്‍ ഈ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത് ആഭ്യന്തരവകുപ്പിനെയും ഇപ്പോള്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പൊലീസ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തന്റെ സ്ഥലംമാറ്റമെന്ന് പരാതിപ്പെട്ടാണ് അസിസ്റ്റന്റ് കമ്മിഷണര്‍ പിടി ബാലന്‍ ട്രിബ്യൂണലിനെ സമീപിച്ചത്. ഇപ്പോഴത്തെ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ 2005ല്‍ പൊലീസ് സംഘടന പ്രമേയം പാസാക്കിയതും വന്‍ വിവാദമായിരുന്നു.

(റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ താഴെ…)

…ഉത്തരവാദികള്‍ മേലുദ്യോഗസ്ഥരാണെന്ന് ആരോപിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പൊലീസുകാരെ സംഘടിപ്പിച്ച് ശ്രീ. ഷാജിയുടെ 16-ാം ചരമദിനത്തിന് (12-12-2015) ശ്രീ. ഷാജിയുടെ കുഴിമാടത്തില്‍ മെഴുകുതിരികള്‍ കത്തിച്ച് ജ്വാല തെളിയിച്ച് പ്രതിഷേധിച്ചും, ആയതിന് നേതൃത്വം നല്‍കിയും {Exhibit-27,28,29,30} ശ്രീ. ഷാജിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ പൊലീസ് ഉന്നതര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും, DIG റാങ്കിലെ ഒരു ഉദ്യോഗസ്ഥനും, രണ്ട് DYSP മാരും ആണ് ശ്രീ.ഷാജിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരെന്നും, ഇവരുടെ പങ്ക് ശ്രീ.ഷാജിയുടെ ആത്മഹത്യകുറിപ്പില്‍ വ്യക്തമാണെന്നും, എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൊടുവള്ളി CIയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പാലിക്കാനോ, ഷാജിയുടെ നിലപാട് അറിയാനോ മേലുദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ശ്രീ.ഷാജിയെ ഓഫീസില്‍ വിളിച്ചുവരുത്തി DYSP മാര്‍ മാനസികമായി പീഡിപ്പിച്ച് കുടുംബം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റും കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി പ്രമേയം പാസാക്കിയതിന് നേതൃത്വം നല്‍കിയും {Exhibit-36}. മേല്‍പ്പറഞ്ഞ സത്യവിരുദ്ധമായ കാര്യങ്ങള്‍ ചേര്‍ത്ത് ബഹു.മുഖ്യമന്ത്രിക്കും ബഹു. ആഭ്യന്തര മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയും, കേരള പൊലീസ് അസോസിയേഷന്‍ മുഖപത്രമായ ‘കാവല്‍’ മാസികയുടെ ഡിസംബര്‍ ലക്കത്തിലെ ‘വിലയില്ലാതാകുന്ന ജീവനുകള്‍’ എന്ന ലേഖനത്തില്‍ മേലുദ്യോഗസ്ഥരെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിക്കുകയും{Exhibit-37,38,39} പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും മേലുദ്യോഗസ്ഥര്‍ക്കുമെതിരെ അമര്‍ഷവും, പ്രതിഷേധവും പ്രകടിപ്പിച്ചും തല്‍ഫലമായി പൊലീസുദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന വിധത്തില്‍ പൊതുജനങ്ങളില്‍ തെറ്റായ ധാരണ ഉണ്ടാകുന്നതിനും ഇടയാക്കി കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ.ജി ആര്‍ അജിത്ത് [CPO 4324,ട്രാഫിക് നോര്‍ത്ത് പിഎസ്, തിരുവനന്തപുരം സിറ്റി] എന്നയാളും കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ എസ് ചന്ദ്രാനന്ദന്‍ t[Sr CPO 4568, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, തൃശ്ശൂര്‍സിറ്റി എന്നയാളും ഗുരുതരമായ അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും ചെയ്തിട്ടുള്ളതായി വെളിവായിട്ടുള്ളതാകുന്നു.

മേല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മേപ്പടി അസോസിയേഷന്‍ ഭാരവാഹികളുടെ കുപ്രചരണത്തിന് അടിമപ്പെട്ട് പൊലീസ് ഓഫീസര്‍മാരോടുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സ്പര്‍ദ്ധ വര്‍ധിക്കുവാന്‍ ഇടയായിട്ടുണ്ടെന്നും കോഴിക്കോട് സിറ്റി ജില്ലയിലെ പൊലീസ് ഓഫീസര്‍മാരും പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനും സേനയുടെ അച്ചടക്കത്തിനും സല്‍പ്പേരിനും കളങ്കമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച {1} കേരള പൊലീസ് സേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.എസ് ചന്ദ്രാനന്ദന്‍, Sr CPO 4568, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശ്ശൂര്‍സിറ്റി {2} കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീ.ജി ആര്‍ അജിത്ത്, CPO 4324. ട്രാഫിക് നോര്‍ത്ത് പിഎസ് തിരുവനന്തപുരം സിറ്റി, {3} കേരള പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ. പി ഷാഹുല്‍ ഹമീദ്, പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ കണ്‍ട്രോള്‍ റൂം കോഴിക്കോട് സിറ്റി, കേരള, {4} ശ്രീ സി വിനായകന്‍ Sr CPO 6525. ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ കോഴിക്കോട് സിറ്റി {5} ശ്രീ. ഇളയരാജന്‍ Sr CPO 6500, ട്രാഫിക് പി എസ് കോഴിക്കോട് സിറ്റി. {6} ശ്രീ ടി അബ്ദുള്ളക്കോയ RASI എആര്‍ ക്യാംപ് കോഴിക്കോട് സിറ്റി ,{7} ശ്രീ. പി ടി ശശിധരന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രാഫിക് പിഎസ് കോഴിക്കോട് സിറ്റി എന്നീ പൊലീസുദ്യോഗസ്ഥന്മാര്‍ക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി സ്വീകരിക്കാത്തപക്ഷം ആയത് സേനയുടെ അച്ചടക്കത്തിനെയും കെട്ടുറപ്പിനെയും ബാധിക്കുമെന്നും മേലില്‍ ഇത്തരം അച്ചടക്കലംഘന പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇടയാക്കുമെന്നും ബോധിപ്പിച്ചുകൊള്ളുന്നു…

pic1

pic2

pic3

pic4

pic5

pic6

pic7

pic9

Top