ആരോഗ്യസേതു ആപ്പ് വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി !

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആരോഗ്യസേതു ആപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഗൗരവമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും അപേക്ഷകന് നല്‍കാനും കേന്ദ്ര വിവരാവകാശ കമ്മിഷന്റെ (സിഐസി) നിര്‍ദേശങ്ങള്‍ പാലിക്കാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ആരോഗ്യസേതു ആപ് നിര്‍മിച്ചതാരെന്ന് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് ഉന്നയിച്ച ചോദ്യത്തിന് ഐടി മന്ത്രാലയവും നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും (എന്‍ഐസി) അറിയില്ല എന്ന മറുപടി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇതു സംബന്ധിച്ച ഹര്‍ജിയില്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ വനജ സര്‍ന രണ്ടു ഏജന്‍സികളോടും വിശദീകരണം തേടി. എന്നാല്‍, സുതാര്യമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ആപ് നിര്‍മിച്ചതെന്ന കേന്ദ്ര വിശദീകരണം പിന്നീട് അറിയിക്കുകയായിരുന്നു.

Top