ഐ.ജി പി.വിജയനെതിരായ നടപടി ‘ആസൂത്രിതം’ തന്നെ, കള്ളപ്രചരണങ്ങളെ പൊളിക്കുന്ന പഴയ എഫ്ബി പോസ്റ്റും വൈറൽ !

തിരുവനന്തപുരം: രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി പദ്ധതികളുടെ സൃഷ്ടാവാണ് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയൻ. ദേശീയ തലത്തിൽ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അത്രയ്ക്കും മിടുക്കനായ ഉദ്യോഗസ്ഥനായതു കൊണ്ടാണ് അദ്ദേഹത്തിനെതിരായ സസ്പെൻഷൻ പൊതു സമൂഹത്തിലും പൊലീസ് സേനയിലും അമ്പരപ്പ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ പി.വിജയന്റെ ശത്രുക്കളായ ചിലർ തെറ്റിധരിപ്പിച്ചതു കൊണ്ടാണ് ഈ സസ്പെൻഷൻ സംഭവിച്ചത് എന്നാണ് നല്ലൊരു വിഭാഗവും കരുതുന്നത്. സി.പി.എം നേതാക്കൾക്കിടയിൽ പോലും ഈ സംശയം നിലവിലുണ്ട്. ഐ.ജിയെ സസ്പെന്റ് ചെയ്തത് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചു എന്നു തന്നെയാണ് അവരുടെ വിലയിരുത്തൽ.

അതേസമയം, സർക്കാറിന് വിജയനിൽ അതൃപ്തിയുണ്ടാവാൻ കാരണം പ്രധാനമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘മൻ കി ബാത്തിന്റെ’ നൂറാമത് എപ്പിസോഡിലേക്ക് ക്ഷണിച്ചത് ആണെന്ന പ്രചരണമാണ് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം പടച്ചു വിടുന്നത്. ഇതിൽ പക പൂണ്ട പിണറായി സർക്കാർ പകവീട്ടിയതാണെന്നാണ് ഈ വിഭാഗത്തിന്റെ പ്രചരണം. എന്നാൽ ഇക്കാര്യത്തിൽ ഒരടിസ്ഥാനവുമില്ലന്നതാണ് യാഥാർത്ഥ്യം. “മൻ കി ബാത്ത്” ഒരു ബി ജെ പി പരിപാടിയല്ല. അത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന പരിപാടിയാണ്. അതിൽ സംസ്ഥാന സർക്കാർ അനുമതിയുണ്ടെങ്കിൽ ഏത് ഉദ്ദ്യോഗസ്ഥനും പങ്കെടുക്കാം. ഇവിടെ അനുമതി നിഷേധിച്ചത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്നതിൽ പോലും വ്യക്തതയില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ ഇടപെടലിനെല്ലാം മുഖ്യമന്ത്രിക്കു ഉത്തരവാദിത്വമുണ്ടെന്ന വാദത്തെ സി.പി.എം നേതൃത്വം പോലും ന്യായീകരിക്കുമെന്നു തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ സ്വപ്ന സുരേഷിനു ശിവശങ്കർ ചെയ്തു കൊടുത്ത എല്ലാ നിയമ വിരുദ്ധ പ്രവർത്തിയും മുഖ്യമന്ത്രി അറിഞ്ഞിട്ടാണെന്നത് സമ്മതിക്കുന്നതിനു തുല്യമാകും അത്.

ഐ.ജി പി.വിജയന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്തു കാരണം പറഞ്ഞായാലും സസ്പെന്റ് ചെയ്യാവുന്ന ഒരു കുറ്റവും ഐ.ജി പി.വിജയൻ ചെയ്തിട്ടില്ലന്നു തന്നെയാണ്, പുറത്തു വരുന്ന ദുർബല വാദങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. വ്യക്തിപരമായി ഐ.ജിയുമായി കടുത്ത എതിർപ്പുള്ള ഒരു എഡിജിപിയെ കൊണ്ടു തന്നെ റിപ്പോർട്ട് വാങ്ങിച്ചത് സസ് പെന്റ് ചെയ്യിക്കാൻ ഉദ്ദേശിച്ചു തന്നെയാണ്. അതിനു അവർ മുന്നോട്ടു വച്ച കാരണം എലത്തൂർ തീവണ്ടി തീവയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട കാരണമാണെങ്കിലും, യഥാർത്ഥ കാരണം കെ.ബി പി.എസിൽ ഗുരുതര അച്ചടക്ക ലംഘനം നടത്തിയ താൽക്കാലിക ജീവനക്കാർക്കെതിരായ പുറത്താക്കൽ നടപടി തന്നെയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസും, ഒരു മന്ത്രിയും ആവശ്യപ്പെട്ടിട്ടും പുറത്താക്കിയവരെ തിരിച്ചെടുക്കാൻ തയ്യാറാകാതിരുന്നതാണ് നടപടിക്കു കാരണം. കെ.ബി.പി.എസ് എം.ഡി കൂടിയായ ഐ.ജി പി.വിജയനെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാൻ പറ്റാത്തതു കൊണ്ടാണ്, വളഞ്ഞ വഴി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നത്. ഈ സസ്പെൻഷൻ കേന്ദ്ര സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലന്ന റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.

ഇതിനിടെ ഐ.ജി വിജയനെ ഒരു സംഘപരിവാർ അനുകൂലിയാക്കി ചിത്രീകരിച്ചു കൊണ്ട് ‘ചിലർ’ ബോധപൂർവ്വം സൈബർ ഇടങ്ങളിൽ നടത്തുന്ന പ്രചരണത്തിനെതിരെ, ശക്തമായ മറുപടിയും സോഷ്യൽ മീഡിയയിൽ നിന്നു തന്നെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഫാദേഴ്സ് ഡേ ദിനത്തിൽ ഐ.ജി സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റും, ഇതു സംബന്ധമായി ‘മാധ്യമം’ നൽകിയ വാർത്തയുമാണ് വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞങ്ങളുടെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് മൂന്ന് വർഷത്തോളമായി. എന്റെ ഒരു ദിവസം ആരംഭിക്കുന്നത് അച്ഛനെയും അമ്മയെയും ഗുരുക്കന്മാരെയും വന്ദിച്ചു കൊണ്ടാണ്. Father’s Dayക്ക് വേണ്ടി പ്രത്യേകമായി അച്ഛനെ ഓർക്കേണ്ട കാര്യമില്ല എങ്കിലും, ഇന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് എന്താണ് അദ്ദേഹം എന്നിൽ ബാക്കി വച്ച് പോയത് എന്നാണ്. അതിൽ പ്രധാനം, വിശ്വാസം എന്നും വ്യക്തിപരമാണ്, അതിന്റെ അടിസ്ഥാനത്തിൽ ആരെയും വകതിരിച്ചു കാണേണ്ടതില്ല. അച്ഛൻ രണ്ടു നേരം പ്രാർത്ഥിക്കുന്ന വലിയ ഒരു ഭക്തനായിരുന്നു. പക്ഷേ അതൊരിക്കലും ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെ ബാധിച്ചിരുന്നില്ല.

എനിക്കിപ്പോൾ ഓർമ്മ വരുന്നത്, 1992-ൽ ബാബറി മസ്ജിദ് പൊളിക്കപ്പെട്ട ദിവസം രാജ്യമെമ്പാടും എന്നപോലെ എന്റെ നാടും ജാഗ്രതയിലായിരുന്നു. ആ സമയത്ത് UGC പരീക്ഷയുടെ തയ്യാറെടുപ്പിനായി എന്റെ സുഹൃത്ത് ആലുവക്കാരനായ അബ്ദുൽ കരീം എന്റെ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. കരീം അടുത്തുള്ള ഒരു പള്ളിയിൽ പോയി അഞ്ചു നേരം നമസ്‌കരിക്കുന്ന ആളായിരുന്നു. ആ സമയത്ത് പൂജ മുറി ഒഴിച്ച് വീടിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും പണികൾ നടക്കുന്നുണ്ട്. ആ ഡിസംബർ ആറിന്, വൈകുന്നേരത്തോടെ വാർത്തകൾ പുറത്ത് വന്ന ശേഷം, കരീം പള്ളിയിലേക്ക് നമസ്‌കരിക്കാൻ ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു, പുറത്തേക്ക് പോകണ്ടായെന്ന്. ഞാൻ അത്ഭുതപ്പെട്ടു, അച്ഛനെന്താ അങ്ങനെ പറഞ്ഞത്, ഇനി കരീം എങ്ങനെ നമസ്കരിക്കും? അച്ഛൻ പറഞ്ഞു കരീം പൂജ മുറിയിൽ നമസ്ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജ മുറിയിലാണ് നമസ്കരിച്ചത്. അത് കൊണ്ട് ഞങ്ങളുടെ ആരുടേയും വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല, കരീമിന്റെ വിശ്വാസത്തിനും ഒന്നും സംഭവിച്ചില്ല. ഞങ്ങൾ എല്ലാവരും ഈശ്വരന്റെ ശക്തിയിൽ വിശ്വസിക്കുന്ന ആൾക്കാരാണ്. എന്നാൽ അത് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും സഹപ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിലും ഒരു ഘടകം ആകാതിരുന്നതിന് കാരണം അന്ന് അച്ഛൻ കാണിച്ചു തന്ന മാതൃകയാണ്.

മറ്റൊന്ന്, അച്ഛൻ ഒരിക്കലൂം ധനികനായിരുന്നില്ല. എന്നാൽ ഒരു സാമ്പത്തിക പ്രതിസന്ധിയിലും അച്ഛൻ സത്യത്തിന് നിരക്കാത്തത് ഒന്നും ചെയ്യാൻ അനുവദിക്കുമായിരുന്നില്ല, അച്ഛൻ ചെയ്യാറുമില്ലായിരുന്നു. ഇന്നും പ്രതിസന്ധികൾ വരുമ്പോൾ ശരിയുടെ പക്ഷത്തു ഉറച്ചു നില്ക്കാൻ ഞങ്ങൾക്ക് ശക്തി തരുന്നത് അച്ഛന്റെ ചിന്തകളാണ്. ഇനിയൊന്ന്, അച്ഛൻ ഒന്നിലും അക്ഷമനായിരുന്നില്ല, അതിയായ വ്യാകുലതയും അച്ഛനുണ്ടായിരുന്നില്ല. സ്വന്തം കുട്ടികളുടെ കാര്യത്തിൽ പോലും ഒരുപാട് അന്വേഷണങ്ങൾ അച്ഛൻ ചെയ്യുമായിരുന്നില്ല. ഞങ്ങൾ എന്ത് പഠിക്കുന്നു, എവിടെ പോകുന്നു എന്നൊന്നും അച്ഛൻ അധികം ചിന്തിച്ചു വിഷമിച്ചിരുന്നില്ല. അച്ഛൻ തന്റെ സ്നേഹം അങ്ങനെ പ്രകടിപ്പിക്കാറും ഉണ്ടായിരുന്നില്ല. എന്നാലും 88-മത്തെ വയസ്സിൽ മരിക്കുന്നത് വരെ അച്ഛൻ എന്നത് വളരെ ഉജ്ജ്വലമായ ഒരു സാന്നിദ്ധ്യമായി ഞങ്ങളുടെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു. എന്നും ധ്യാനിക്കുന്ന അച്ഛനെ ഇന്നത്തെ ഈ വിശേഷ ദിവസത്തിൽ ഞാൻ ഓർക്കുന്നത് ഭൗതികമായ സമ്പത്തിന് അപ്പുറം മനുഷ്യ ബന്ധങ്ങളെ വിലമതിച്ചു കൊണ്ട് എല്ലാവരോടും ഇടപഴകി ജീവിക്കാൻ എന്നെ സജ്ജമാക്കി എന്ന നിലയിലാണ്. ആ ഓർമ്മകൾ ഇനിയും ഇതേ പാതയിൽ മുന്നോട്ട് പോകാൻ ശക്തി തരട്ടെ!

Top