വിഘടനവാദ അനുകൂല പ്രവര്‍ത്തനങ്ങള്‍; ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിഘടനവാദ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ ഭീകര സംഘടനകളെ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കണ്ടെത്തല്‍. ഒരു ഡോക്ടറും പൊലീസ് കോണ്‍സ്റ്റബിളും ഉള്‍പ്പെടെ നാലുപേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

ശ്രീനഗര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിസാര്‍ ഉള്‍ ഹസ്സന്‍, ജമ്മു കശ്മീര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ മജീദ് ഭട്ട്, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായ ഫാറൂഖ് അഹമ്മദ് മിര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ബെയററായ ഗുലാം മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് നടപടി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച ദിവസം തന്നെ ഡോ. നിസാര്‍ ഉള്‍ ഹസനെ പിരിച്ചുവിട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയെന്നതും കൗതുകകരമാണ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പാകിസ്ഥാന്‍ ഭീകര സംഘടനകളെ സഹായിച്ചു എന്നാരോപിച്ച് കേന്ദ്ര ഭരണ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 50 ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Top