എല്‍.ജെ.ഡി.യില്‍ നാല് നേതാക്കള്‍ക്കെതിരെ നടപടി, വി സുരേന്ദ്രന്‍ പിള്ളയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ലോക് താന്ത്രിക് ദളിലെ വിമത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. വി സുരേന്ദ്രന്‍ പിള്ളയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസിനെ സ്ഥാനത്ത് നിന്നും നീക്കി, സെക്രട്ടറിമാരായ രാജേഷ് പ്രേം, അങ്കത്തില്‍ അജയകുമാര്‍ എന്നിവരെയും മാറ്റി. നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരയോഗം ചേര്‍ന്നതില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍ നാല് പേര്‍ക്കെതിരെയും നടപടിയെടുത്തത്.

ഓണ്‍ലൈനായി ചേര്‍ന്ന എല്‍ജെഡി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ മാസം 17നായിരുന്നു വിമതര്‍ യോഗം ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനെതിരെ പരസ്യ നിലപാടെടുത്തത്. തുടര്‍ന്ന് ശനിയാഴ്ച ചേര്‍ന്ന നേതൃയോഗത്തില്‍ വിമതരോട് വിശദീകരണം തേടി. എന്നാല്‍ വിശദീകരണം നല്‍കാന്‍ നേതാക്കള്‍ തയ്യാറായില്ല. ഇതോടെയാണ് നടപടിയിലേക്ക് എത്തിയത്.

എന്നാല്‍ നടപടിയെ തള്ളി സുരേന്ദ്രന്‍ പിള്ള രംഗത്തെത്തി. തങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തന്നെ നിയമിച്ചത് ദേശീയ അധ്യക്ഷന്‍ ശരത് യാദവാണെന്നുമാണ് നടപടികളോട് സുരേന്ദ്രന്‍ പിള്ളയുടെ പ്രതികരണം. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഉടന്‍ കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Top