Action against calicut univercity girl students

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടപടി. ഇത് സംബന്ധിച്ച് പ്രമേയത്തിന് സെനറ്റ് യോഗം അംഗീകാരം നല്‍കി.

ജസ്റ്റിസിന് കൊടുത്ത പരാതിയില്‍ ചില വിദ്യാര്‍ത്ഥിനികളെ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വെപ്പിച്ചു എന്ന പരാതിയിലാണ് നടപടിയുണ്ടാവുക. പരാതി കൊടുക്കാന്‍ നേതൃത്വം നല്‍കിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാവും നടപടി.

ക്യാമ്പസില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ക്യാമ്പസിനുള്ളില്‍ സമാധാനത്തോടെ പഠിക്കാസും നടക്കാനും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പഠിക്കുന്ന 444 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതിയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയത്.

കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും പുറത്തു നിന്നുള്ളവരില്‍ നിന്നും തങ്ങള്‍ക്ക് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുവെന്നു ലൈംഗിക ചുവയുള്ള കമന്റുകളും അശ്ലീല പ്രവര്‍ത്തികളും തങ്ങളെ കാണുമ്പോള്‍ ഇവര്‍ ചെയ്യുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് എതിരെ വിദ്യാര്‍ത്ഥിനികള്‍ പല പ്രാവശ്യം സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞിരുന്നു.

Top