നടപടി ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍, അഞ്ചിടത്ത് ബിനാമി ഭൂമി പിടിച്ചെടുത്തു

കൊച്ചി: ബിനാമി ഭൂമിയിടപാടുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍.സംസ്ഥാനത്ത് അഞ്ചിടത്ത് ബിനാമി വസ്തുവകകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. ഇതില്‍ പന്തളം കേന്ദ്രമായ ശ്രീവത്സം ഗ്രൂപ്പിന്റെ രണ്ടിടത്തെ ഭൂമി ഉള്‍പ്പെടുന്നു. ബാക്കി മൂന്നെണ്ണം വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.

ബിനാമി ഭൂമിയിടപാടുകള്‍ക്കെതിരേ നടപടിക്ക് ആദായനികുതി വകുപ്പിന്റെ കീഴില്‍ കൊച്ചിയിലെ പനമ്പിള്ളിനഗറില്‍ പ്രത്യേക ഓഫീസ് തുടങ്ങിയിട്ടുണ്ട്. കേരളവും ലക്ഷദ്വീപും ഇതിന്റെ അധികാരപരിധിയില്‍ വരും. ആദായനികുതി വകുപ്പില്‍നിന്നുള്ള വിവരങ്ങളും പൊതുജനങ്ങളില്‍നിന്നുള്ള രഹസ്യവിവരങ്ങളും അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിവരം നല്‍കുന്നവര്‍ പേരു വെളിപ്പെടുത്തണമെന്നില്ല. എന്നാല്‍ ഊമക്കത്തുകള്‍ പ്രോത്സാഹിപ്പിക്കില്ല. ആരോടെങ്കിലുമുള്ള വിരോധം തീര്‍ക്കാന്‍ വ്യാജപരാതി നല്‍കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും.

ആദായനികുതി വകുപ്പ് കൈമാറുന്ന വിവരമനുസരിച്ചാണെങ്കില്‍ സംശയിക്കുന്നയാള്‍ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്യുക. 90 ദിവസത്തിനകം വരുമാനത്തിന്റെ സ്രോതസ്സും രേഖകളും കാണിക്കണം. 90 ദിവസത്തെ കാലാവധി കഴിയുന്നതോടെ കേസ് ഡല്‍ഹിയിലെ അഡ്ജുഡിക്കേഷന്‍ അതോറിറ്റിക്ക് കൈമാറും. ഇവരാണ് ഭൂമി കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുന്നത്. ഈ നടപടിക്കെതിരേ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാം. അതോറിറ്റിയുടെ തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം.

ബിനാമി ഭൂമിയിടപാടുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരും നീക്കം നടത്തുന്നുണ്ട്. ഭൂമിയിടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്.

Top