സൗഹൃദം നടിച്ചെത്തി, വീട്ടമ്മയെ കബളിപ്പിച്ച് രണ്ടു ലക്ഷം കവര്‍ന്നു

ബംഗളൂരു: സൗഹൃദം നടിച്ചെത്തി ബംഗളൂരുവില്‍ വീട്ടമ്മയെ കബളിപ്പിച്ച് രണ്ടംഗസംഘം രണ്ടുലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞതായി പരാതി. ബംഗളൂരു കെആര്‍ പുരത്തു താമസിക്കുന്ന 53കാരി രാജമ്മയാണ് തട്ടിപ്പിനിരയായത്. സൗഹൃദം നടിച്ചെത്തിയ യുവതിയടങ്ങുന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്റെ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നുവെന്ന് രാജമ്മ പരാതിയില്‍ പറഞ്ഞു.

രാവിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാനെത്തിയ രാജമ്മയെ 63 വയസ്സു തോന്നിക്കുന്ന സ്ത്രീ സൗഹൃദം നടിച്ച് മാര്‍ക്കറ്റിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. ഇവിടെവച്ച് ബലംപ്രയോഗിച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കയറ്റുകയും ഭീഷണിപ്പെടുത്തി രാജമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവരുകയുമായിരുന്നു.

സ്ത്രീക്കൊപ്പം 30 വയസ്സുള്ള യുവാവും ഉണ്ടായിരുന്നു. ആഭരണങ്ങള്‍ കവര്‍ന്നതിനുശേഷം രാജമ്മയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ രാജമ്മ മകന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top