അതിശയകരമായ സഞ്ചാരം; ഹസന്‍ മിന്‍ഹാജിന്റെ പാട്രിയോട് ആക്ട് അവസാനിച്ചു

നെറ്റ്ഫ്‌ലിക്‌സ് പരിപാടി പാട്രിയോട് ആക്ട് അവസാനിച്ചതായി അവതാരകന്‍ ഹസന്‍ മിന്‍ഹാജ് അറിയിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലടക്കം കോളിളക്കം സൃഷ്ടിച്ച പരിപാടിയാണ് പാട്രിയോട് ആക്ട്. പരിപാടി അവസാനിച്ച കാര്യം ഹസന്‍ മിന്‍ഹാജ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഏഴാം സീസണ്‍ തുടങ്ങാനിരിക്കെയാണ് ഷോ അവസാനിച്ച കാര്യം ഹസന്‍ മിന്‍ഹാജ് അറിയിച്ചത്.

‘അതിശയകരമായ സഞ്ചാരം. പാട്രിയോട് ആക്ട് ഒടുവില്‍ അവസാനിച്ചിരിക്കുന്നു. ഏറ്റവും മികച്ച എഴുത്തുകാരും, നിര്‍മാതാക്കളും ഗവേഷകരും ആനിമേറ്റര്‍മാരുമായി ജോലി ചെയ്യാന്‍ സാധിച്ചു. എന്റെ രണ്ട് കുട്ടികളും ഈ ഷോയോടൊപ്പമാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. നെറ്റ്ഫ്‌ലിക്‌സിനും എല്ലാ കാഴ്ച്ചക്കാര്‍ക്കും നന്ദി. ഇനി ആ കാഴ്ച്ചകള്‍ തിരികെ നല്‍കാനുള്ള സമയമാണ്.’; ഹസന്‍ മിന്‍ഹാജ് കുറിച്ചു.

നേരത്തെ ‘ഇന്ത്യന്‍ ഇലക്ഷന്‍സ് | പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്’ എന്ന വീഡിയോ പുറത്തിറങ്ങിയതോടെ നെറ്റ്ഫ്‌ലിക്‌സിനെതിരെ വ്യാപക നിരോധന ക്യാംമ്പെയിനുകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. #BoycottNetflix എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലാണ് കാമ്പെയിന്‍ സംഘടിപ്പിച്ചത്. പാട്രിയോട് ആക്ടിന്റെതായി ആറ് സീസണുകളിലായി 39 എപിസോഡുകളാണ് ഇത് വരെ പുറത്തിറങ്ങിയിരിക്കുന്നത്.

കൊറോണ വൈറസ് പ്രതിസന്ധി, ജോര്‍ജ് ഫ്‌ലോയിഡിന്റെ വംശീയ കൊലപാതകം, വരുന്ന യു.എസ് തെരഞ്ഞെടുപ്പ് എന്നിവയാണ് ഏറ്റവും ഒടുവിലെ എപ്പിസോഡുകള്‍ ചര്‍ച്ച ചെയ്തത്. 2018 ഒക്ടോബര്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള ഷോയുടെ കാലയളവില്‍ എമ്മി പുരസ്‌കാരം അടക്കം നിരവധി പ്രശംസകളാണ് പാട്രിയോട് ആക്ട് നേടിയിരിക്കുന്നത്.

Top