മസൂദ് അസ്ഹറിനെതിരായ പ്രമേയം: ശ്രദ്ധയോടെവേണം, യുഎസിനോട് ചൈന

ബെയ്ജിംഗ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കം ശ്രദ്ധയോടെവേണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. യുഎന്‍ ഭീകരവിരുദ്ധ സമിതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നും ചൈന പറഞ്ഞു.

രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം വിഷയത്തെ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. ഇത് സമിതിയുടെ അധികാരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. മറ്റുരാജ്യങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തെ അത് ഇല്ലാതാക്കുമെന്നും ഇത്തരം കാര്യങ്ങളില്‍ അമേരിക്ക കരുതലോടെ വേണം പ്രവര്‍ത്തിക്കാനെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗന്‍ ഷുവാങ് വ്യക്തമാക്കി. കൂടാതെ പ്രമേയം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇതോടെ അമേരിക്ക യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുവരുന്ന പുതിയ പ്രമേയത്തെയും ചൈന വീറ്റോ ചെയ്യുമെന്ന് ഉറപ്പായി. 15 അംഗ രക്ഷാസമിതിയിലേയ്ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവരാന്‍ അമേരിക്ക നീക്കം നടത്തുന്നത്.

Top