ശത്രു രാജ്യങ്ങള്‍ വിറയ്ക്കും; എസ് 400 മിസൈലുകള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ

ന്യൂഡല്‍ഹി: അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്400 എന്ന ആന്റി-ബാലിസിറ്റിക് മിസൈല്‍ കരാറില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ. അമേരിക്കന്‍ ഭീഷണി മറികടന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയില്‍ നിന്നും അഞ്ച് എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടത്. നേരത്തെ നിശ്ചയിച്ച പ്രകാരം 18 മുതല്‍ 19 മാസങ്ങള്‍ക്കുള്ളില്‍ തന്നെ മിസൈലുകള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറീ ബോറിസോവ് അറിയിച്ചു.

ശത്രുവിമാനങ്ങളില്‍ നിന്നും മിസൈലുകളില്‍ നിന്നും ഇന്ത്യയെ ആകാശക്കോട്ട കെട്ടി സംരക്ഷിക്കാന്‍ കഴിയുന്ന എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്നും വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാറൊപ്പിട്ടത്. ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ശക്തിപകരാനായി ഇവയെ പാക്ക്,ചൈന അതിര്‍ത്തിയില്‍ വിന്യസിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനാണ് 5.43 ബില്യന്‍ ഡോളറിന്റെ കരാറില്‍ ഒപ്പിട്ടത്. മിസൈല്‍ സംവിധാനം ഇന്ത്യയിലെത്തുന്നതോടെ ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പ്.

ലോകത്തെ വന്‍ ആയുധശക്തിയായ റഷ്യയില്‍ നിന്ന് ചൈന കഴിഞ്ഞ വര്‍ഷം എസ് 400 വാങ്ങിയിരുന്നു. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും. 400 കിലോമീറ്റര്‍ അകലെയും 30 കിലോമീറ്റര്‍ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇതിനാവും.

Top