വനിതാ ഐ.പി.എസ് കാരിയും ‘ടിക് ടോക്കില്‍’ നടപടിക്ക് ഡി.ജി.പി !

അഹമ്മദാബാദ്: പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത ടിക് ടോക്ക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുത്ത് ഗുജറാത്ത് ഡി.ജി.പി. സാമൂഹികമാധ്യമങ്ങളില്‍ പോലീസിന്റെ അന്തസ്സിനു നിരക്കാത്ത എല്ലാ ഇടപെടലും ഉടന്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. യൂണിഫോമിലായാലും അല്ലെങ്കിലും പോലീസ് പെരുമാറ്റച്ചട്ടം പാലിച്ചിരിക്കണമെന്ന് ഡി.ജി.പി. ശിവാനന്ദ ഝായുടെ സര്‍ക്കുലര്‍ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനുകളിലെത്തി.

പൊലീസുകാര്‍ക്കിടയിലെ ടിക് ടോക്ക് വിവാദത്തിന് തിരികൊളുത്തിയത് മഹസാനയിലെ ലങ്കനാജ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അര്‍പ്പിതാ ചൗധരിയുടെ ഡാന്‍സ് വീഡിയോ ആണ്. ലോക്കപ്പിനുമുന്നില്‍ ഹിന്ദി പാട്ടിനൊപ്പം ചുവടുവെക്കുന്ന ചൗധരിയെ ടിക് ടോക് ആസ്വാദകര്‍ ഏറ്റെടുത്തു. പതിനായിരത്തോളം പിന്തുടര്‍ച്ചക്കാര്‍ ഉണ്ടായിരുന്ന ഇവര്‍ക്ക് പുതിയ വീഡിയോ ഇട്ടതോടെ ഏഴായിരത്തോളം ആരാധകര്‍കൂടിയുണ്ടായി. സംഭവത്തിന് പിന്നാല അര്‍പിതയെ തേടി സസ്പെന്‍ഷനും എത്തി.

പക്ഷേ ജനങ്ങളെയും മേലുദ്യോഗസ്ഥരെയും ഞെട്ടിച്ചത് മറ്റൊരു ടിക് ടോക്ക് വീഡിയോ ആണ്. അഹമ്മദാബാദില്‍ എ.സി.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥ മഞ്ജിത വന്‍സാരയുടെയും സുഹൃത്തിന്റെയും ടിക് ടോക് ഡാന്‍സാണ് വൈറലായത്. വിവാദ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഡി.ജി. വന്‍സാരയുടെ അനന്തരവളാണ് മഞ്ജിത.

സംഭവം ഉദ്യോഗസ്ഥരെ ഞെട്ടിച്ചതിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ അര്‍പ്പിതാ ചൗധരിക്കെതിരേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതും ഈ മഞ്ജിതയാണ്. എന്നാല്‍ അര്‍പ്പിത ജോലിസമയത്ത് സ്റ്റേഷനുള്ളില്‍ വീഡിയോ ചിത്രീകരിച്ചതാണ് കുറ്റമെന്നും ജോലിസമയമല്ലാത്തതിനാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും, ചെറുപ്പക്കാരിയും ഫാഷന്‍ ഡിസൈനിങ് പഠിച്ചയാളുമാണ് താനെന്നും ഐ.പി.എസ്. ഉദ്യോഗസ്ഥ സ്വയം ന്യായീകരിക്കുന്നു.

Top