കേരളത്തിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടു നേരിടുന്നതായി പരാതി

കൊച്ചി : കേരളത്തിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടു നേരിടുന്നതായി പരാതി.

വിസയില്ലാതെ രാജ്യത്തേക്കു വരാന്‍ അധിക നിബന്ധനകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍, ഹോട്ടല്‍ ബുക്കിങ് വേണമെന്നും നിശ്ചിത തുക കൈവശം വേണമെന്നുമുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്നു കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആവശ്യപ്പെടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇതുമൂലം യാത്ര മുടങ്ങുന്ന സാഹചര്യങ്ങളുണ്ടെന്നും ഖത്തറിലെ മലയാളി സംഘടനകള്‍ ആരോപിക്കുന്നു.

മുന്‍പു ടൂറിസ്റ്റ് വിസയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചില വ്യവസ്ഥകളില്‍ ഇളവുണ്ട്.

നിശ്ചിത തുകയോ അതിനു തുല്യമായ ക്രെഡിറ്റ് കാര്‍ഡോ നേരത്തേ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ കരുതണമായിരുന്നു. ഇതോടൊപ്പം തന്നെ ഹോട്ടല്‍ ബുക്കിങ്ങിന്റെ രേഖയും വേണം.

പക്ഷേ, പുതിയതായി പ്രഖ്യാപിച്ച സൗജന്യ ഓണ്‍ അറൈവല്‍ വിസ പദ്ധതിപ്രകാരം എത്തുന്നവര്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തേക്കാണു സൗജന്യ വിസ.

ഈ കാലയളവിനിടയില്‍ ആവശ്യമെങ്കില്‍ രാജ്യത്തിനു പുറത്തുപോയി വരാവുന്ന ‘മള്‍ട്ടിപ്പിള്‍ എന്‍ട്രി’ വിസകളാണിവ. വിസ കാലാവധി ആവശ്യമെങ്കില്‍ 30 ദിവസം കൂടി നീട്ടുകയും ചെയ്യാം.

‘വിസ ഫ്രീ എന്‍ട്രി’ സംബന്ധിച്ചു ഖത്തര്‍ നിര്‍ദേശിച്ചതില്‍നിന്നു വ്യത്യസ്തമായി നാട്ടിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ തടയുന്നുണ്ടെങ്കില്‍ അതു ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ദോഹ സന്ദര്‍ശിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനകള്‍ അദ്ദേഹത്തിനു പരാതി നല്‍കിയിരുന്നു. ഇത്തരം യാത്രകളെ നിരുത്സാഹപ്പെടുത്താനാണു കേരളത്തില്‍ ശ്രമിക്കുന്നതെന്നു പ്രവാസി മലയാളികള്‍ പറയുന്നു.

 

Top