യുവതിയ്ക്കു നേരെ ആസിഡ് ആക്രമണം; സംഭത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഹൈദരാബാദിലെ വാരംഗാലില്‍ ശരീരമാസകലം ആസിഡ് വീണ് പൊള്ളിയ നിലയില്‍ റോഡരികില്‍ യുവതിയെ കണ്ടെത്തി.

ഹനംകോണ്ട പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന മാധുരി എന്ന 31 കാരിയാണ് ആക്രമണത്തിന് ഇരയായത്.

കൈ പുറകോട്ട് കെട്ടിയ നിലയില്‍ അബോധാവസ്ഥയിലായിരുന്ന യുവതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ഗരിമില്ലപ്പള്ളി ഗ്രാമത്തിലെ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

70 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ കാമുകനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആദിനാരായണന്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭര്‍ത്താവ് ഉപേക്ഷിച്ച മാധുരിയ്ക്ക് 3 വയസ്സുള്ള ഒരു കുട്ടിയുണ്ട്. അമ്മയ്‌ക്കൊപ്പം ഹനംകോണ്ടയിലെ മുനിസിപ്പല്‍ കോളനിയില്‍ താമസിക്കുകയായിരുന്ന യുവതി ഓട്ടോറിക്ഷാ ഡ്രൈവറായ ചന്ദ്രശേഖരുമായി സൗഹൃദത്തിലായി. തുടര്‍ന്ന് യുവതിയ്ക്ക് മറ്റു ചിലരുമായും അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ചന്ദ്രശേഖര്‍ യുവതിയെ ആക്രമിക്കുന്നതിന് പദ്ധതിയിടുകയായിരുന്നു.

ചന്ദ്രശേഖര്‍ മാധുരിയെയും കൊണ്ട് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ യാത്രാമധ്യേ ഇയാളുടെ രണ്ട് സുഹൃത്തുക്കളും വണ്ടിയില്‍ കയറി. തുടര്‍ന്ന് യുവതിയെയും കൊണ്ട് ഇവര്‍ വിജനമായ സ്ഥലത്ത് എത്തുകയും, പിന്നീട് യുവതിയുടെ കൈകള്‍ പുറകിലേക്ക് കെട്ടി മുഖത്തും, ശരീരത്തും ആസിഡ് ഒഴിക്കുകയായിരുന്നു.

ശേഷം ഇവര്‍ യുവതിയെ റോഡ് സൈഡില്‍ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു.

എന്നാല്‍ മാധുരിയെ വിവാഹം ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നാണ് മാധുരിയുടെ സഹോദരി അഞ്ജലി പറയുന്നത്,

സംഭവത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

Top