മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം:കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇംഗ്ലണ്ട്: വോര്‍സ്റ്ററിലെ ഷോപ്പിന് മുന്നില്‍ വെച്ച് മൂന്ന് വയസ്സുള്ള കുഞ്ഞിന് നേരെ ആസിഡ് അക്രമണം നടന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സുരക്ഷ തേടിയിറങ്ങിയ അമ്മയ്ക്കും കുഞ്ഞിനും നേരെയാണ് ആസിഡ് ആക്രമം നടന്നത്. ഈസ്റ്റേണ്‍ യൂറോപ്പ് സ്വദേശിനിയായ സ്ത്രീ തന്റെ മൂന്ന് മക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ട് മാസക്കാലമായി വോര്‍സ്റ്ററില്‍ താമസിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുഞ്ഞിന്റെ ദേഹത്തേക്ക് ആസിഡ് എറിഞ്ഞതോടെ മുഖത്തും, കൈയിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

acid-attack

ഒരു ബന്ധം അവസാനിപ്പിച്ചതിന്റെ പേരിലുള്ള തര്‍ക്കമാണ് സ്ത്രീയ്ക്കും മക്കള്‍ക്കും നേരെയുള്ള അക്രമത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് അക്രമികള്‍ കുഞ്ഞിന് നേരെ ആസിഡ് എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നിങ്ങള്‍ എന്താണ് എന്റെ കുട്ടിയോട് ചെയ്തതെന്ന് നിലവിളിക്കുന്ന അമ്മയെയും സിസി ടി വിയില്‍ വ്യക്തമാണ്. സംഭവത്തെത്തുടര്‍ന്ന് ഈസ്റ്റ് ലണ്ടനിലെ വോര്‍സ്റ്ററില്‍ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേല്‍പ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

ജിപ്‌സി സമൂഹത്തില്‍ നിന്നുള്ളവരാണ് അക്രമികളെന്ന് അയല്‍ക്കാര്‍ പറയുന്നു. കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് വോര്‍സ്റ്ററിലേക്ക് ഈ സ്ത്രീ കുട്ടികളുമായി രക്ഷപ്പെട്ടതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍ രഹസ്യമായി താമസിച്ചിരുന്ന സ്ഥലം പ്രശ്‌നമുള്ള ആളുകള്‍ കണ്ടുപിടിച്ച് അക്രമം നടത്തുകയായിരുന്നെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സ്ത്രീയെ ലക്ഷ്യമാക്കിയാണ് ആസിഡ് അക്രമണം നടത്തിയതെങ്കിലും കുട്ടി ഇടയില്‍ അകപ്പെടുകയായിരുന്നു. എന്തായാലും ഇതോടെ വംശീയ പ്രശ്‌നങ്ങളല്ല അക്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Top