‘ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാൻ ഇഷ്ടം’; സജീവ രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്ന്‌ അച്ചു ഉമ്മൻ

കോട്ടയം : ചാണ്ടി ഉമ്മൻ ആണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരനെന്നും സജീവ രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്നും അച്ചു ഉമ്മൻ. ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്‌ടം. അപ്പ കഴിഞ്ഞാൽ മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്‌ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി. ഒരു ചാനലിനോടാണ്‌ അച്ചു ഉമ്മന്റെ പ്രതികരണം.

“ഞാന്‍ വിദേശത്ത് താമസിക്കുന്ന വ്യക്തിയാണ്. കുടുംബവുമായി അവിടെ സെറ്റില്‍ഡ് ആണ്. ഞാന്‍ സ്വപ്‌ത്തില്‍ പോലും ആലോചിക്കാത്ത കാര്യമാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. ഞാന്‍ അതിനില്ല എന്ന് പറയുകയാണ്, അതിനൊരു ക്ലാരിറ്റി നല്‍കുകയാണ്. കെപിസിസി പ്രസിഡന്റ് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. പൊതുവെ ഇതൊക്കെ പാര്‍ട്ടി തീരുമാനിക്കുന്ന ഒരു കീഴ്‌വഴക്കമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. വീട്ടില്‍ അപ്പ കഴിഞ്ഞാലുള്ള രാഷ്‌ട്രീയക്കാരന്‍ ചാണ്ടി ആണ്.’ അച്ചു വിശദീകരിച്ചു.

Top