ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി 19 വർഷത്തിനു ശേഷം അറസ്റ്റിൽ

മാന്നാർ : ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതി 19 വർഷത്തിനു ശേഷം കൊച്ചി കളമശേരിയിൽ അറസ്റ്റിലായി. മാന്നാർ ആലുംമൂട്ടിൽ ജംക്‌ഷനു തെക്ക് താമരപ്പള്ളിൽ വീട്ടിൽ ജയന്തി (32)യുടെ തല അടിച്ചു തകർത്തും, കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതി ജി.പി. കുട്ടിക്കൃഷ്ണൻ(57) ആണ് പിടിയിലായത്. ഇടുക്കി കട്ടപ്പന, മുംബൈ, ഒഡിഷ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ ഇടയ്ക്കിടെ കൊച്ചിയിൽ എത്തുന്നുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് 5 മാസം നീണ്ട ശ്രമത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

2004 ഏപ്രിൽ രണ്ടിനാണു കുട്ടിക്കൃഷ്ണന്റെ ഭാര്യ ജയന്തി കൊല്ലപ്പെട്ടത്. വീട്ടിൽ വച്ച് ഇരുവരും തമ്മിലുള്ള വഴക്കിനിടെ ജയന്തിയെ ഭിത്തിയിൽ തലയിടിപ്പിച്ച ശേഷം ചുറ്റിക കൊണ്ടു തലയോട്ടി അടിച്ചു തകർത്തു കൊലപ്പെടുത്തിയെന്നാണു കേസ്. കത്തി കൊണ്ടു തല അറുത്തു മാറ്റിവച്ച നിലയിലാണു പൊലീസ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ഒരു വയസ്സുള്ള മകൾക്കൊപ്പം കുട്ടിക്കൃഷ്ണൻ അതേ വീട്ടിൽ രാത്രി കഴിഞ്ഞു. പിറ്റേന്നാണു വിവരം പുറത്തറിഞ്ഞ് ഇയാൾ അറസ്റ്റിലാകുന്നത്.

കുട്ടിക്കൃഷ്ണന്റേതു രണ്ടാം വിവാഹമായിരുന്നു. എന്നാൽ ജയന്തിയുടേതും രണ്ടാം വിവാഹമാണെന്ന കാര്യം ഇയാൾ പിന്നീടാണ് അറിഞ്ഞത്. ഇതാണു കൊലപാതകത്തിലേക്കു നയിച്ച വഴക്കിനു കാരണമെന്നാണു പൊലീസ് റിപ്പോർട്ട്. അറസ്റ്റിലായതിന്റെ 80–ാം ദിവസം ജാമ്യത്തിലിറങ്ങിയ കുട്ടിക്കൃഷ്ണൻ വിചാരണയ്ക്കിടെ ഒളിവിൽ പോയി.

Top