ഹിമാചലില്‍ പശുവിൻെറ വായ്​ തകർന്ന സംഭവം; ഉപയോഗിച്ചത്​ വീട്ടുനിർമിത ബോംബ്​

ധരംശാല: ഹിമാചലില്‍ പടക്കം നിറച്ചിരുന്ന ഗോതമ്പ് കഴിച്ച് ഗര്‍ഭിണിയായ പശുവിന്റെ വായ് തകര്‍ന്ന സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് വീട്ടില്‍ നിര്‍മിച്ച ബോംബെന്ന് പൊലീസ്. പൊട്ടാസ്യം നൈട്രേറ്റും സള്‍ഫറും ചേര്‍ത്ത് വീട്ടില്‍ നിര്‍മിച്ച ബോംബ് ഗോതമ്പുണ്ടയിലാക്കി പശുവിന് നല്‍കുകയായിരുന്നു.

വയലിലെ കൃഷി നശിപ്പിക്കാനെത്തുന്ന വന്യജീവികളെ തുരത്തുന്നതിനാണ് ഇത്തരത്തില്‍ ഗോതമ്പുണ്ടയില്‍ പൊതിഞ്ഞ നിലയില്‍ സ്‌ഫോടകവസ്തു കൃഷിയിടത്തില്‍ സൂക്ഷിച്ചതെന്ന് പ്രതി നന്ദലാല്‍ പൊലീസിനോട് പറഞ്ഞു. നന്ദലാലിനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ പ്രദേശത്ത് മേയ് 26നാണ് സംഭവം. സ്‌ഫോടക വസ്തുവില്‍ പൊതിഞ്ഞ ഗോതമ്പുണ്ട കഴിച്ച പശുവിന്റെ വായ് തകരുകയായിരുന്നു. വായില്‍നിന്ന് ചോരയൊലിച്ച് നില്‍ക്കുന്ന പശുവിന്റെ വീഡിയോ ഉടമസ്ഥന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതേസമയം, ഹിമാചലില്‍ കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ തുരത്തുന്നതിനായി വ്യാപകമായി കെണി ഉപയോഗിച്ച് വരുന്നത് പതിവാണ്‌. വലയില്‍ കുടുക്കുകയും വിഷം വെക്കുകയും വൈദ്യുത വേലി കെട്ടുകയും ചെയ്യുന്നുണ്ട്. മിക്കവാറും കുരങ്ങന്‍, മുയല്‍, കുറുനരി, കാട്ടുപന്നി തുടങ്ങിയവയാണ് ഇത്തരത്തിലുള്ള കെണിയില്‍ അകപ്പെടുന്നത്.

Top