ഉത്തരം എസ്എംഎസ് നോക്കി എഴുതി ; കോപ്പിയടി സമ്മതിച്ച് എസ്എഫ്‌ഐ നേതാക്കള്‍

തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് സമ്മതിച്ച് മുന്‍ എസ്എഫ്‌ഐ നേതാക്കള്‍. ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു. 70 ശതമാനത്തിലേറെ ചോദ്യത്തിനും ഉത്തരം നല്‍കിയത് ഫോണില്‍ വന്ന എസ്എംഎസ് നോക്കിയെന്ന് പ്രതികള്‍ മൊഴി നല്‍കി. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കാനാണ് പ്രതികൾ ശ്രമിച്ചത്.

ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യപ്പേപ്പറിൽ ഉത്തരം ചോർന്നു കിട്ടിയത് പ്രതികൾ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് പ്രതികൾ അന്വേഷണസംഘത്തിന് മൊഴി നൽകിയത്.

പിഎസ്‍സി നടത്തിയ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ശിവരഞ്ജിത്തും നസീമും ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഉള്ളത്.

ജയിലിൽ എത്തിയാണ് ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. പരീക്ഷാ ക്രമക്കേടിൽ സഹായിച്ച പൊലീസുകാരനുൾപ്പെടെ ഒളിവിലാണ്.

Top