പ്രതികളായ പത്മകുമാറും കുടുംബവും കിഡ്‌നാപ്പിംഗ് സംഘം; പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ്

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്. പ്രതികളായ പത്മകുമാറും കുടുംബവും കിഡ്‌നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പല കുട്ടികളെയും തട്ടി കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ മൂന്ന് തവണയാണ് ശ്രമം നടത്തിയത്.

അതേഅസമയം പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയല്‍ കിഡ്‌നാപ്പിംഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. ആദ്യം കേബിള്‍ ഓപ്പറേറ്ററായിരുന്ന പത്മകുമാര്‍ പിന്നീട് റിയല്‍ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാള്‍ക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

ഭാര്യ അനിതയ്ക്കും മകള്‍ അനുപമയ്ക്കും തട്ടിക്കൊണ്ടുപോകലില്‍ പങ്കില്ലെന്നായിരുന്നു പത്മകുമാര്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്ന് അനിതയും അനുപമയും സമ്മതിച്ചു. ഇന്നലെ റെജിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. മകളുടെ പഠനവുമായി ബന്ധപ്പെട്ട പത്മകുമാറിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Top