ശിവജിയെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയെന്നാരോപണം; ഗോവയില്‍ ക്രിസ്ത്യന്‍ പുരോഹിതനെതിരെ കേസ്

പനാജി: ശിവാജിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് ഗോവയില്‍ ക്രിസ്ത്യന്‍ പുരോഹിതനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആണ് കേസെടുത്തിരിക്കുന്നത്. ഫാ. ബോല്‍മാക്സ് പെരേരയ്ക്ക് എതിരെയാണ് കേസ്. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണു നടപടി.

വാസ്‌കോ പൊലീസ് ആണ് പുരോഹിതനെതിരെ കേസെടുത്തത്. നഗരത്തിനടുത്തുള്ള ചിക്കാലിമിലെ കത്തോലിക്കാ പള്ളിയില്‍ ചര്‍ച്ചില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദമായ പരാമര്‍ശം നടത്തിയത്. ശിവാജിയെ ദൈവമായി കാണാന്‍ പറ്റില്ലെന്നു പള്ളിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ വിവാദമാക്കിയത്. ദക്ഷിണ ഗോവയിലെ കുന്‍കോലിം, കനാകോണ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പെരേരയ്ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു.

പരാമര്‍ശം വിവാദമായതിനു പിന്നാലെ അദ്ദേഹം മാപ്പുപറഞ്ഞു. വിവാദ പരാമര്‍ശങ്ങള്‍ സാഹചര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റിയതും ദുര്‍വാഖ്യാനം ചെയ്തതുമാണെന്ന് ഫാ. ബോല്‍മാക്സ പെരേര വിശദീകരിച്ചു. മത, ജാതി, ഭാഷാ വ്യത്യാസമില്ലാതെ രാജ്യത്തും വിദേശത്തുമെല്ലാം ആദരിക്കപ്പെടുന്ന വ്യക്തിയാണ് ശിവാജിയെന്ന് വിശ്വാസികളോട് വിശദീകരിക്കുകയായിരുന്നു പ്രസംഗത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.

Top