വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ പേരില്‍ വീഴ്ചയെന്ന് ആരോപണം; ഡോക്ടര്‍മാര്‍ സമരത്തിന് ഒരുങ്ങുന്നു

മലപ്പുറം: ഡോക്ടര്‍മാര്‍ സമരത്തിന് ഒരുങ്ങുന്നു. പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്നു പിടിച്ച സംഭവത്തില്‍ വീഴ്ച ആരോപിച്ച് എഫ് എച്ച് സി മെഡിക്കല്‍ ഓഫീസറെ സ്ഥലം മാറ്റിയതിനെതിരെ തുടര്‍ന്നാണ് സമരം. ആരോഗ്യ വകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിന് പകരം മെഡിക്കല്‍ ഓഫീസറെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഒരുങ്ങുന്നത്. സ്ഥലംമാറ്റ നടപടി റദ്ദാക്കിയില്ലെങ്കില്‍ ഓ പി ബഹിഷ്‌കരണം അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് കെ ജി എം ഒ എ യുടെ തീരുമാനം.

പോത്തുകല്ല് പഞ്ചായത്തില്‍ രണ്ടു മാസത്തിനിടെ 300 ലധികം ആളുകള്‍ക്കാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ചത്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം പടര്‍ന്ന ആദ്യ ഘട്ടത്തില്‍ പ്രതിരോധ നടപടികളില്‍ വീഴ്ച ഉണ്ടായെന്ന് ആരോപിച്ചാണ് പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും അനാസ്ഥ കാട്ടുകയാണെന്ന് ആരോപിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ സമരം തുടങ്ങിയതിന് പിന്നാലെയായിരുന്നു നടപടി. ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയോഗിക്കാതെ അമിതഭാരം ഡോക്ടര്‍മാരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് കെ ജി എം ഒ ആരോപിക്കുന്നത്.

മെഡിക്കല്‍ ഓഫീസറുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കാന്‍ ആണ് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ തീരുമാനം. ആദ്യഘട്ടത്തില്‍ നിസ്സഹകരണ സമരമാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് വിളിക്കുന്ന യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. അധിക ഡ്യൂട്ടികള്‍ ചെയ്യില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ഓ പി ബഹിഷ്‌കരണമടക്കമുള്ള കടുത്ത സമരത്തിലേക്ക് കടക്കും.

Top