ആള്‍ദൈവം നിത്യാനന്ദയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജ്യം വിട്ട സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദയെ കണ്ടെത്താന്‍ മറ്റു രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ഇന്റര്‍പോള്‍. സമീപ മാസങ്ങളില്‍ വിചിത്രമായ ആരോപണങ്ങളുമായി വ്യക്തമല്ലാത്ത സ്ഥലങ്ങളില്‍ നിന്നെടുത്ത വീഡിയോകളില്‍ മാത്രമാണ് നിത്യാനന്ദയെ കാണാന്‍പറ്റുന്നത്.

കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നത് നിര്‍ബന്ധമാക്കുന്ന ബ്ലൂ കോര്‍ണര്‍ നോട്ടീസ് നിത്യാനന്ദയ്ക്കെതിരെ ഇന്റര്‍പോള്‍ പുറപ്പെടുവിച്ചു. ഗുജറാത്ത് പൊലീസിന്റെ അഭ്യര്‍ഥന മാനിച്ചാണു നടപടി.

നിത്യാനന്ദ ഇക്വഡോറില്‍ ഒരു ദ്വീപ് സ്വന്തമാക്കി അവിടെ സ്വന്തം രാജ്യം രൂപീകരിച്ചെന്ന വാദം ആ രാജ്യം നിഷേധിച്ചിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ കേസില്‍ ഗുജറാത്തിലും കര്‍ണാടകയിലും പൊലീസ് നിത്യാനന്ദയ്ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ആശ്രമത്തില്‍നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡിസംബറില്‍ സര്‍ക്കാര്‍ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും പുതിയ പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷ തള്ളിക്കളയുകയും ചെയ്തിരുന്നു. നിത്യാനന്ദയെ കണ്ടെത്താന്‍ സഹായിക്കുന്നതിന് വിദേശത്തുള്ള എല്ലാ ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

Top