കൊലക്കേസ് പ്രതികളെ തമിഴ്‌നാട് പൊലീസ് വെടിവച്ചുകൊന്നു

ചെന്നൈ: കൊലക്കേസ് പ്രതികളെ തമിഴ്‌നാട് പൊലീസ് വെടിവച്ചുകൊന്നു. വീടുകളില്‍ അതിക്രമിച്ചു കയറി രണ്ടു പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയാണു പൊലീസ് വകവരുത്തിയത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ടില്‍ ആണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് സംഘത്തിന് എതിരെ ബോംബ് എറിഞ്ഞ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത് എന്നാണ് സംഭവത്തിന് പൊലീസ് നല്‍കുന്ന വിശദീകരണം. ദിനേശ്, മൊയ്തീന്‍ എന്നിവരാണു കൊല്ലപ്പെട്ടത്.

ദിനേശനെയും മൊയ്തീനെയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ചെങ്കല്‍ പേട്ട് മേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ രണ്ട് കൊലപാതങ്ങളിലെ പ്രതികളാണ് ദിനേശ്, മൊയ്തീന്‍ എന്നിവര്‍. കാര്‍ത്തിക്ക്, എസ് മഹേഷ് എന്നിവരെയായിരുന്നു അക്രമി സംഘം വകവരുത്തിയത്. സുഹൃത്തുക്കളുമൊത്ത് ചായക്കടയില്‍ ഇരിക്കുകയായിരുന്ന കാര്‍ത്തിക്കിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ബോംബെറിഞ്ഞ ശേഷമായിരുന്നു മഹേഷിനെ വെട്ടിക്കൊന്നത്.

ഇതിന് പിന്നാലെ ആയിരുന്നു മേട്ടുതെരുവിലെ പച്ചക്കറി കച്ചവടക്കാരനായ എസ് മഹേഷിനെ വകവരുത്തിയത്. വീട്ടില്‍ കയറി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആട് മോഷ്ടാക്കളുടെ കുത്തേറ്റ് ചെങ്കല്‍പെട്ട് പ്രദേശത്ത് അടുത്തിടെ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. നൈറ്റ് പട്രോളിങ്ങിന് പോയ പൊലീസുകാരന്‍ ആയിരുന്നു അന്ന് കൊല്ലപ്പെട്ടത്. ഇതിന് ശേഷം നൈറ്റ് പട്രോളിങ്ങിനു പോകുന്ന പൊലീസിന് തോക്ക് നല്‍കുകയും ആവശ്യമെങ്കില്‍ തോക്ക് ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

Top