ഇരുപത് വ‍ര്‍ഷം മുൻപ് ഒളിവിൽ പോയ കൊലപാതക കേസ് പ്രതി പിടിയിൽ

കൊല്ലം: കൊലപാതക കേസിലെ പ്രതി 20 വര്‍ഷങ്ങൾക്ക് ശേഷം പിടിയിൽ. കൊല്ലം അഞ്ചൽ സ്വദേശിയും സിപിഎം നേതാവുമായിരുന്ന അഷറഫിനെ വധിച്ച കേസിലെ പ്രതി സമീർഖാനാണ് അറസ്റ്റിലായത്. എന്‍.ഡി.എഫ് പ്രവർത്തകനായിരുന്നു സമീർഖാൻ. സിപിഎം നേതാവായിരുന്ന എം.എ അഷറഫിനെ 2002 ലാണ് വെട്ടിക്കൊലപ്പെടുത്തിയത്. മാതാപിതാക്കളുടേയും മക്കളുടേയും മുന്നിലിട്ടായിരുന്നു എൻ.‍ഡി.എഫ് പ്രവർത്തകരുടെ ക്രൂര കൊലപാതകം. ഈ കേസിലെ ഏഴാം പ്രതിയായിരുന്ന അഞ്ചൽ സ്വദേശി സമീർഖാൻ. 2004ൽ ജാമ്യത്തിറങ്ങിയ പ്രതി ഒളിവിൽ പോയി. ഇതോടെ പുനലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

അഞ്ചൽ സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. സമീർഖാന്‍റെ അമ്മയുടെ മൊബൈൽ ഫോൺ പോലീസ് നിരീക്ഷണത്തിലാക്കി. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഉമ്മയെ പ്രതി ഫോണിൽ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇയാൾ തിരുവനന്തപുരം ഭാഗത്ത് ഒളിവിൽ കഴിയുകയാണെന്നും കണ്ടെത്തി. പോലീസ് അറസ്റ്റ് ചെയ്യുന്പോൾ വെഞ്ഞാറമ്മൂട്ടിലെ പച്ചക്കറി കടയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു സമീർഖാൻ. വിവിധ ജില്ലകളിൽ പലപല പേരുകളിൽ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top