കൊല്ലത്ത് റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി ശ്യാം കുമാറിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ടയേഡ് അധ്യാപിക ഓമനയെ പ്രതി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി നാലര പവൻ സ്വർണാഭരണങ്ങളും 7000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചത്.

ചുണ്ടിന് മുറിവുള്ള തൊപ്പി വച്ച ആളാണ് അക്രമിച്ചതെന്ന ഓമനയുടെ മൊഴിയാണ് പ്രതിയിലേക്കെത്താൻ പൊലീസിന് സഹായിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന ശ്യാം കുമാറിനെ മടത്തറയിൽ വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. സ്വര്‍ണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയത്തിന് വച്ചിരിക്കുകയാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

ശ്യാം കുമാറിന്റെ ആക്രമണത്തിൽ പരിക്കേറ്റ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഓമനയുടെ ഇടിപ്പെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമിയുടെ തള്ളിയിട്ട അധ്യാപികയെ രണ്ട് മണിക്കൂറിന് ശേഷമാണ് അയൽവാസിയും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിൽ എത്തിച്ചത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ശ്യാംകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Top