ശ്രീനിവാസന്‍ വധക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍

പാലക്കാട്: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്‌റഫ് മൗലവി അടക്കം 10 പ്രതികളാണ് കോടതിയെ സമീപിച്ചത്.

യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസില്‍ ഇല്ല. എന്‍ഐഎ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും പ്രതികള്‍ പറയുന്നു.
അന്തിമ കുറ്റപത്രം നല്‍കിയ കേസ് എന്‍ഐഎ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്. സെഷന്‍സ് കോടതിയിലെ ഫയലുകള്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റിയതും ചട്ടപ്രകാരമല്ലെന്നും പ്രതികള്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റില്‍ നിന്നാണ് ശ്രീനിവാസനെ വെട്ടിക്കൊല്ലാന്‍ തീരുമാനിച്ചത്. ഇക്കാരണത്താല്‍, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കാരണമായ സംഭവങ്ങളുടെ കൂട്ടത്തില്‍ ശ്രീനിവാസന്‍ കൊലക്കേസും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങിയത്. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു എന്‍ഐഎ.

Top