മൂക്കന്നൂർ കൂട്ടക്കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ;ശിക്ഷയിന്മേൽ വാദം 29ന്

കൊച്ചി∙ അങ്കമാലിക്കടുത്ത് മൂർക്കന്നൂരിൽ ജ്യേഷ്ഠസഹോദരൻ, സഹോദരന്റെ ഭാര്യ, മകള്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ബാബു കുറ്റക്കാരനെന്നു കോടതി. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് മൂർക്കന്നൂർ അറയ്ക്കൽ വീട്ടിൽ കൊച്ചാപ്പുവിന്റെ മകൻ ബാബു കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഈ മാസം 29ന് ശിക്ഷയിന്മേലുള്ള വാദം നടക്കും.

2018 ഫെബ്രുവരി 12ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങൾ. സ്വത്തിന്റെ പേരിലുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. 2022ല്‍ ബാബുവിനെതിരെ കോടതി കുറ്റം ചുമത്തി. ബാബു കുറ്റകൃത്യം ചെയ്തു എന്നു തെളിയിക്കുന്ന രേഖകളും സാക്ഷിമൊഴികളും ഹാജരാക്കാൻ പ്രോസിക്യൂഷനു സാധിച്ചു എന്നതാണ് പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയിലൂടെ വ്യക്തമാകുന്നതും. സഹോദരൻ ശിവൻ, ശിവന്റെ ഭാര്യ വത്സല, മകൾ സ്മിത എന്നിവരെയാണ് ബാബു വെട്ടിക്കൊന്നത്.

ആദ്യം ബാബുവിനെ വെട്ടുകയും ചവിട്ടുകയും ചെയ്ത പ്രതി പിന്നീട് വത്സലയെ വെട്ടി. അമ്മയെ വെട്ടുന്നതുകണ്ട് തടസ്സം പിടിക്കാൻ വന്ന സ്മിതയെയും വെട്ടുകയായിരുന്നു. സ്മിതയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച മകൻ അശ്വിനെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു. മറ്റൊരു സഹോദരനായ ഷിബുവിന്റെ വീട്ടിലെത്തിയ ബാബു ജനലിന്റെ ചില്ല് തകർത്തു. ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മി ജോലി ചെയ്യുന്ന അക്ഷയ സെന്ററിൽ അതിക്രമിച്ചു കയറി അവരെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. ബാബു ഈ കുറ്റകൃത്യങ്ങൾ ചെയ്തിരിക്കുന്നു എന്നാണ് കോടതി കണ്ടെത്തിയത്.

Top