പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ട അറസ്റ്റില്‍

തിരുവനന്തപുരം: പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുവേളി സ്വദേശിയായ ജാങ്കോ കുമാറെന്ന അനില്‍കുമാറിനെയാണ് പേട്ട സിഐ ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 22 കേസുകളിലെ പ്രതിയാണ് അനില്‍.

ഒരു കേസില്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പേട്ട സ്റ്റേഷനില്‍ നിന്നും പൊലീസുകാര്‍ അനിലിനെ പിടികൂടാന്‍ കൊച്ചുവേളിയിലെ താമസസ്ഥലത്ത് എത്തിയത്. പൊലീസിനുനേരെ ബോംബെറിഞ്ഞ ശേഷം ഭാര്യ രേഖയുമായി അനില്‍ രക്ഷപ്പെട്ടു. രേഖയെ അടുത്ത ദിവസം പൊലീസ് വേളിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട്, അനിലും കൂട്ടാളിയായ അഖിലും ചേര്‍ന്ന് ഒരു ക്വട്ടേഷല്‍ ഏറ്റെടുത്ത വിവരം പൊലീസിന് ലഭിച്ചു. ബോംബും ആയുധനങ്ങളുമായി പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അനിലിനെ ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്ക് പിന്നിലുള്ള ഒരു പറമ്പില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Top