Accusations against Congress on chopper deal false, says Sonia Gandhi

ന്യൂഡല്‍ഹി: വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കുന്നതിനായി ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് ഹെലികോപ്‌റുകള്‍ വാങ്ങിയ വിഷയത്തില്‍ തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ ആരേയും ഭയക്കുന്നില്ലെന്നും സോണിയ പറഞ്ഞു. വിഷയം ബി.ജെ.പി പാര്‍ലമെന്റില്‍ ആയുധമാക്കിയപ്പോഴായിരുന്നു സോണിയയുടെ മറുപടി.

ഇറ്റലിയിലെ കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിധിയില്‍ സോണിയ, അവരുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുകള്‍ ഉണ്ടെന്ന വിവരം പുറത്തു വന്നിരുന്നു, എന്നാല്‍, താനടക്കമുള്ളവരുടെ പേരുകള്‍ കോടതി വിധിയിലുണ്ടെങ്കില്‍ അത് തെളിയിക്കട്ടെയെന്ന് സോണിയ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു.

അഗസ്റ്റ ഇടപാട് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയതല്ലേ. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്നും അവര്‍ ചോദിച്ചു.

കോപ്ടര്‍ ഇടപാട് വിഷയം രാജ്യസഭയില്‍ ബഹളത്തിനും ഇടയാക്കി. സോണിയാ ഗാന്ധിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണപക്ഷ ബെഞ്ചിലേക്ക് ഓടിയെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ബഹളം രൂക്ഷമായതോടെ രാജ്യസഭാദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭ പത്തു മിനിട്ട് നേരത്തേക്ക് നിറുത്തി വച്ചു. പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു.

Top