പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവനമേഖലയില്‍ ഉണ്ടായ നഷ്ടം 2534 കോടി രൂപയാണ്. ഗതാഗതമേഖലയില്‍ 8554 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. വ്യവസായകച്ചവട മേഖലിയുണ്ടായ നഷ്ടത്തിന്റെ കണക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ഇതിന് 400 കോടി രൂപ ചെലവ് വരും. കേന്ദ്രസഹായവും വായ്പകളും കൊണ്ട് നഷ്ടം പൂര്‍ണമായും നികത്താനാവില്ല. പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 17 മുതല്‍ 25 വരെ മന്ത്രിമാര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കും. നവകേരള നിര്‍മ്മാണം വലിയ സാമ്പത്തിക പ്രക്രിയയാണ്. നാടിന്റെ വികസനത്തിനാണ് ധനസമാഹരണം എന്ന് എതിര്‍ക്കുന്നവര്‍ തിരിച്ചറിയണം.കേരളത്തിന്റെ പുനര്‍നിര്‍മ്മാണം രൂപകല്‍പ്പന ചെയ്യാന്‍ കെപിഎംജിയോട് ആവശ്യപ്പെട്ടിട്ടില്ല.

ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നില്‍. ബ്രൂവറി അനുമതി എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായല്ല. വസ്തുതകള്‍ പുറത്തുവന്നതോടെ ആരോപണം ജനം തള്ളിക്കളഞ്ഞു. ഉല്‍പ്പാദനം കൂട്ടിയാല്‍ ബിവ്‌റേജസിന് കേരളത്തില്‍ നിന്ന് മദ്യം വാങ്ങാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top