പോളണ്ടിൽ പതിച്ചത് യുക്രൈൻ സൈനത്തിന്റെ മിസൈലെന്ന് റിപ്പോർട്ടുകൾ

വാഴ്‌സോ: പോളണ്ടിൽ പതിച്ച മിസൈൽ യുക്രൈൻ സൈന്യത്തിന്റേതാണെന്ന് റിപ്പോർട്ടുകൾ. റഷ്യൻ മിസൈലിലേക്ക് യുക്രൈൻ സൈന്യം തൊടുത്ത വിട്ടതാണ് പോളണ്ടിൽ പതിച്ചതെന്ന് വിലയിരുത്തുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

യുക്രൈനെതിരായ ആക്രമണത്തിനിടെ മിസൈൽ അതിർത്തി രാജ്യമായ പോളണ്ടിൽ പതിച്ച് രണ്ട് പേർ മരിച്ചിരുന്നു. യുക്രൈൻ അതിർത്തിക്കടുത്തുള്ള പോളിഷ് ഗ്രാമത്തിലാണ് മിസൈലുകൾ പതിച്ചത്. റഷ്യൻ മിസൈലുകളാണ് ആക്രമണത്തിന് കാരണമെന്നത് റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെത്തന്നെ നിഷേധിച്ചിരുന്നു. സ്ഥിതിഗതികൾ വഷളാക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രകോപനമാണിതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

റഷ്യയിൽ നിന്ന് തൊടുത്തുവിട്ട മിസൈലല്ല സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തുന്നത് വരെ അതേ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമത്തെക്കുറിച്ച് യുഎസും നാറ്റോ സഖ്യകക്ഷികളും അന്വേഷിക്കുന്നുണ്ട്. പോളണ്ടിലെ മിസൈൽ ആക്രമണത്തെതുടർന്ന് ബാലിയിൽ നടന്ന ജി20 യോഗത്തിനിടെ ആഗോള നേതാക്കൾ അടിയന്തര യോഗം ചേർന്നിരുന്നു.

ജി-20 ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് മുന്നിൽ സമാധാനത്തിനായി പത്ത് നിർദേശങ്ങളവതരിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാഡ്മിർ സെലൻസ്‌കി വീഡിയോ സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു യുക്രൈനിൽ റഷ്യൻ ആക്രമണം. ആക്രമണത്തിൽ ഏഴ് ദശലക്ഷം വീടുകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ഒമ്പത് മാസത്തെ യുദ്ധത്തിനിടയിലെ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് നടന്നത്.

Top