മുംബൈയിലെ കോവിഡ് രോഗികളില്‍ 89 ശതമാനം പേര്‍ക്കും ഒമിക്രോണെന്ന് സര്‍വേ

മുംബൈ: മുംബൈയിലെ കോവിഡ് രോഗികളില്‍ 89 ശതമാനം പേര്‍ക്കും ഒമിക്രോണെന്ന് സര്‍വേ. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെല്‍റ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെല്‍റ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്.

കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 280 സാമ്പിളുകളും ബിഎംസി മേഖലയില്‍ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പല്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34 ശതമാനം അതായത് 96 രോഗികള്‍ 21 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരാണ്. 28 ശതമാനം രോഗികള്‍(79 പേര്‍) 41 60 നും വയസിനിടയിലുള്ളവരാണ്. 22 പേര്‍ 20 വയസിന് താഴെയുള്ളവരാണ്.

ഈ രോഗികളില്‍ ഏഴ് പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ മാത്രമാണ് എടുത്തിട്ടുള്ളത്. ഇതില്‍ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് രോഗികളെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത 174 രോഗികളില്‍ 89 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് രോഗികള്‍ക്ക് ഓക്‌സിജന്‍ സഹായം വേണ്ടിവന്നു. 15 രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൊത്തം രോഗികളില്‍ 99 പേരും കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ല. ഇതില്‍ 76 രോഗികളും ആശുപത്രിയില്‍ ചികിത്സയിലാണ്. 12 രോഗികള്‍ക്ക് ഓക്‌സിജന്‍ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്. അഞ്ച് രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

കോവിഡിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബിഎംസി അറിയിച്ചു. മാസ്‌കുകള്‍ ശരിയായി ഉപയോഗിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, പതിവായി കൈകഴുകുക, ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നിവ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top