ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ : അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

മുസഫര്‍പൂര്‍ : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കിയിറങ്ങുന്ന ബോളിവുഡ് ചിത്രമായ ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരായ പരാതിയില്‍ കേസെടുക്കണമെന്ന് ബിഹാര്‍ കോടതി. അണിയറപ്രവര്‍ത്തകരടക്കം 14 പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അഭിഭാഷകനായ സുധീര്‍ ഒഹ്ജ നല്‍കിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മുസാഫര്‍പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

നവാഗതനായ വിജയ് ഗാട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപം ഖേര്‍ ആണ് മന്‍മോഹന്‍സിങായി വേഷമിടുന്നത്.ചിത്രം ബിജെപിയുടെ പ്രചരണായുധമാണെന്ന് സാമൂഹികമാധ്യമങ്ങളിലും മറ്റും ചര്‍ച്ച നടക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ബിജെപിയുടെ ഔദ്യോഗികട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതോടെയാണ് ബിജെപിയുടെ പ്രചരണായുധമാണെന്ന് വിമര്‍ശനം ഉയര്‍ന്നത്.

ഗാന്ധി കുടുംബത്തിലെ അനന്തരാവകാശി അധികാരം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തിമാത്രമായിരുന്നോ ഡോ. സിങ് എന്നും കൂടുതല്‍ വിവരങ്ങളുമായി ദി ഏക്‌സഡന്റല്‍ പ്രൈമിനിസ്റ്റര്‍ ജനുവരി 11 ന് റിലീസാകും എന്ന തലക്കെട്ടോടെയായിരുന്നു ട്രെയിലര്‍ പേജില്‍ ഷെയര്‍ ചെയ്തത്.

Top