അബദ്ധത്തില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവം: പാക്‌സേന തിരിച്ചടിക്ക് ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കിടയില്‍ എന്തോ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. പാകിസ്താനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് ശേഷം പാകിസ്താനുമായി ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ബന്ധപ്പെടുന്ന നേരിട്ടുള്ള ഹോട്ട്ലൈന്‍ ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും പകരം, കൂടുതല്‍ വിക്ഷേപണങ്ങള്‍ ഒഴിവാക്കാന്‍ അംബാലയിലെ മിസൈല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം വ്യോമസേന നിര്‍ത്തിവെച്ചെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. അതേസമയം. പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യോമസേനയും പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ ഗൗരവകരമായി കാണണമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവച്ചതെന്ന് വ്യക്തമാവാന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞത്.

Top