മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതല്‍ കേസ്, കൂട്ടാളികളെ ചോദ്യം ചെയ്യുന്നു

കൊച്ചി: മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസില്‍ ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിനെതിരെ കൂടുതല്‍ കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്യും. മാരാരിക്കുളത്ത് ഡിജെ പാര്‍ട്ടിയില്‍ ലഹരിമരുന്ന് വിതരണം ചെയ്ത കേസില്‍ ആലപ്പുഴ അര്‍ത്തുങ്കല്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. സൈജുവിന്റെ മൊഴി അടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു കൈമാറി. മാരാരിക്കുളത്തെ പാര്‍ട്ടിയില്‍ എംഡിഎംഎ, കഞ്ചാവ്, ലഹരി ഗുളികകള്‍ തുടങ്ങിയവ കൈമാറി എന്നാണ് സൈജുവിന്റെ മൊഴി. മോഡലുകളുടെ മരണത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും.

തൃക്കാക്കര, ഇന്‍ഫോ പാര്‍ക്ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്റെ ഫോണില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പൊലീസ് തെളിവാക്കും. സൈജു ലഹരി മരുന്നിന് അടിമയാണെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലഹരി മരുന്ന് നല്‍കി പെണ്‍കുട്ടികളെ സൈജു ദുരുപയോഗം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഇത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം കൊച്ചിയിലെ ലഹരിമരുന്ന് ഇടപാടുകളിലേക്കും വ്യാപിച്ചു. മോഡലുകള്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊബൈലിലെ രഹസ്യ ഫോള്‍ഡറില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളിലുള്ള യുവതികളെയും യുവാക്കളെയും അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു തുടങ്ങി.

ഇവര്‍ പങ്കെടുത്ത ലഹരി പാര്‍ട്ടികള്‍ സംബന്ധിച്ച വിവരങ്ങളാണു ചോദിച്ചറിയുന്നത്. രഹസ്യമായി നടത്തിയ ലഹരി പാര്‍ട്ടികളുടെ ദൃശ്യങ്ങളാണു സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്. ഇതില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയവരെയാണ് ആദ്യഘട്ടത്തില്‍ വിളിച്ചുവരുത്തിയത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തിലേക്കു ലഹരി കടത്തുന്നവരുടെ കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലില്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

മോഡലുകള്‍ പങ്കെടുത്ത നിശാപാര്‍ട്ടി നടത്തിയ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന് എതിരെ എക്‌സൈസും കേസ് റജിസ്റ്റര്‍ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ്.

മോഡലുകള്‍ പങ്കെടുത്ത ഒക്ടോബര്‍ 31ലെ പാര്‍ട്ടിയില്‍ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്‌സൈസിനു ലഭിച്ചിരുന്നു. ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചും തെളിവുകള്‍ കണ്ടെത്തിയതായി എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ കെ.കെ. അനില്‍കുമാര്‍ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടര്‍ന്നു നമ്പര്‍ 18 ഹോട്ടലിലെ ബാര്‍ ലൈസന്‍സ് നേരത്തെ എക്സൈസ് റദ്ദാക്കിയിരുന്നു.

Top