മോഷ്ടിച്ച ബൈക്കുമായി അമിത വേഗത്തില്‍ പോകുന്നതിനിടെ അപകടം; യുവാവ് പിടിയില്‍

കൊരട്ടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ തിരുമുടിക്കുന്ന് പുത്തന്‍പുരക്കല്‍ വീട്ടില്‍ റിതിന്‍ (23) അറസ്റ്റില്‍. മോഷ്ടിച്ച ബൈക്കുമായി അമിത വേഗത്തില്‍ പോകുന്നതിനിടെ പോളിടെക്നിക് ജംക്ഷനില്‍ അപകടത്തില്‍ പെട്ടു പരുക്കേറ്റ റിതിന്‍ വീടിനു സമീപമെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്എച്ച്ഒ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. മുംബൈയില്‍ റെയില്‍വേയുടെ കരാര്‍ ജോലിക്കാരനായ ഇയാള്‍ മോഷണം നടത്തിയ ശേഷം നാടുവിടാനായി ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയത്.

പിടിയിലായ സമയം മദ്യലഹരിയായിരുന്ന റിതിന്‍ പൊലീസിന്റെ നേര്‍ക്ക് തട്ടിക്കയറുകയും സ്റ്റേഷനില്‍ ബഹളമുണ്ടാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തിരുമുടിക്കുന്ന് ചിറക്കല്‍ സ്വദേശിയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. അങ്കമാലി സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിക്കെതിരെ 3 വധശ്രമകേസുകളും, കഞ്ചാവു കേസും നിലവിലുണ്ട്. പൊലീസ് സംഘത്തില്‍ എസ്ഐ എസ്.കെ.പ്രിയന്‍, എഎസ്ഐ എം.വി.സെബി, സിപിഒ പി.ആര്‍.ഷഫീക്ക് എന്നിവരും ഉണ്ടായിരുന്നു.

 

Top