ബൈക്ക് സ്‌കൂള്‍ ബസിലിടിച്ച് അപകടം, രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

ACCIDENT

കാസര്‍ഗോഡ്: മുള്ളേരിയയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.

ദേലംപാടി പഞ്ചോടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മകന്‍ സാബിര്‍ (22), ഗാളിമുഖം കര്‍ന്നൂറിലെ ഇബ്രാഹിം-ആസ്മ ദമ്പതികളുടെ മകന്‍ ഇര്‍ഷാദ് (22) എന്നിവരാണു മരിച്ചത്.

വൈകുന്നേരം നാല് മണിയോടെ ആണ് അപകടം നടന്നത്. ബന്തടുക്ക ഏണിയാടിയില്‍ നടക്കുന്ന എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇരുവരും. എസ്എസ്എഫ് മുള്ളേരിയ സെക്ടറല്‍ സെക്രട്ടറിയാണ് സാബിര്‍.

പടിയത്തടുക്ക അത്തനാടി പാലത്തിനു സമീപം സ്‌കൂള്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബസിലിടിച്ചു ബൈക്കില്‍ നിന്ന് ഇരുവരും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കാസര്‍ഗോഡുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top