ചൈനയില്‍ കല്‍ക്കരി ഖനിയില്‍ അപകടം; 16 പേര്‍ മരിച്ചു

ബെയ്ജിങ്:ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ പതിനാറുപേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ പാന്‍ഷൗ നഗരത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലായിരുന്നു അപകടം.

തുടര്‍ന്ന് നഗരത്തിലെ എല്ലാ കല്‍ക്കരി ഖനികളിലും ഒരു ദിവസത്തേക്ക് ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികളെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് ഗുയ്ഷോയിലെ മയിന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പ്രതിവര്‍ഷം ചൈനയുടെ ഏകദേശം 52.5 ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷി ഈ പ്രദേശത്തിനുണ്ട്.

എല്ലാ ഖനികളിലും സുരക്ഷാ പരിശോധനകള്‍ക്ക് ഉത്തരവിടുകയും സുരക്ഷിതമായ ഉല്‍പ്പാദനം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. അപകടമുണ്ടായ ഖനിക്ക് 3.1 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുണ്ട്. ഫെബ്രുവരിയില്‍ സ്വയം ഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ഖനി തകര്‍ന്ന് 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി സുരക്ഷ നടപടികള്‍ അധികാരികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഖനികളിലെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കുകയും ഭൂഗര്‍ഭ സാ?ങ്കേതികവിദ്യകള്‍ ഉപയോഗിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

Top