കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

-accident

ടൊറന്റോ: കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ചു ആലപ്പുഴ സ്വദേശി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.

കാനഡ ഒന്റാറിയോയിലെ മിസിസാഗ നിവാസിയും ആലപ്പുഴ പുന്നക്കുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകനായ ജിം തോമസ് ജോണി (30) ആണ് മരിച്ചത്.

ടൊറന്റോയില്‍ നിന്ന് 300 കിലോമീറ്ററോളം ദൂരെ ടോബര്‍മോറിയില്‍ ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.

ജിം തോമസ് ജോണിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിമ്മിനെ എയര്‍ ആംബുലന്‍സില്‍ ലണ്ടനിലെ (കാനഡ) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിമ്മിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന നാലു സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരില്‍ മലയാളികള്‍ ഉള്ളതായി വിവരമില്ല. മരിച്ച മറ്റു രണ്ടുപേര്‍ അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിലുള്ളവരാണ്.

രണ്ടു വര്‍ഷം മുമ്പാണ് ജിം കുടുംബസമേതം കാനഡയിലെ മിസിസാഗയിലേക്ക് കുടിയേറിയത്. സെലിനാണു ഭാര്യ. മകള്‍: ഇവാനാ ജിം. ജിമ്മിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം നാട്ടിലേക്കു കൊണ്ടുപോകും. പുന്നക്കുന്നം സെന്റ് മേരീസ് പള്ളിയിലാണ് സംസ്‌കാരം. ജിമ്മിന്റെ സഹോദരങ്ങളും വിദേശത്താണ്.

Top