സെല്‍ഫിയെടുക്കുന്നതിനിടെ കാര്‍ പാഞ്ഞു കയറി യുവാവ് മരിച്ചു; ഡ്രൈവര്‍ പിടിയില്‍

pappu

സൂററ്റ്: ഗുജറാത്തിലെ തപി നദിക്ക് മുകളിലുള്ള പാലത്തിനു മുകളില്‍ ഇരുന്ന് സെല്‍ഫി എടുത്ത യുവാവിന് നേരെ കാര്‍ പാഞ്ഞു കയറി അപകടം. ഗുരുതരമായി പരുക്കേറ്റ പപ്പു ലലാനി എന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പലര്‍ച്ചയോടെയാണ് സംഭവം.

രണ്ട് ബൈക്കുകളിലായി എത്തിയ നാല്‍വര്‍ സംഘം പാലത്തിന് മുകളിലിരുന്നു സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൂന്നുപേര്‍ പാലത്തിന്റെ കൈവരിയിലും, പപ്പു ബൈക്കിലുമായിരുന്നു ഇരുന്നിരുന്നത്. നിയന്ത്രണം വിട്ട കാര്‍ പപ്പു ലലാനി ഇരുന്ന ബൈക്കിന് പിന്നില്‍ വന്നിടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറായ നിരല്‍ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ അമിത വേഗതയിലായിരുന്നു വന്നതെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി വണ്ടിയോടിച്ച ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ബൈക്കിന് പിന്നില്‍ ഇടിച്ചതിനു ശേഷം കാര്‍ മറ്റൊരു സ്‌കൂട്ടറിലും ഇടിച്ച് അപകടം ഉണ്ടാക്കി. സംഭവ സ്ഥലത്ത് നിന്നും പട്ടേല്‍ രക്ഷപ്പെട്ടെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ച് ഇയാളെ പിടികൂടുകയായിരുന്നു.

സംഭവസമയത്ത് കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നതായി ലലാനിയുടെ സുഹൃത്തുക്കള്‍ ആരോപിച്ചു. എന്നാല്‍ പട്ടേലിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Top