കൊല്ലം : പൊലീസിന്റെ വാഹനപരിശോധനക്കിടെ കൊല്ലം കടയ്ക്കലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. മണലുവട്ടം സ്വദേശി റഷീദ് ആണ് മരിച്ചത്. പൊലീസിനെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിലിടിച്ചാണ് റഷീദ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്.
ദര്ഭകാടിന് സമീപം കടയ്ക്കലില്‍ എസ്.ഐ അജുകുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞിരത്തിന്മൂട് ഭാഗത്തു നിന്ന് ബൈക്കില്‍ വരികയായിരുന്നു റഷീദ്. പൊലീസ് വാഹന പരിശോധന നടത്തുന്നത് കണ്ട് പെട്ടെന്ന് റോഡില്‍ നിന്ന് ബൈക്ക് വെട്ടിച്ച് തിരിക്കുകയായിരുന്നു. വെട്ടിച്ച ബൈക്ക് പിറകില്‍ നിന്ന് വന്ന കാറില്‍ ഇടിക്കുകയും ബൈകിന് പിറകില്‍ യാത്രചെയ്തിരുന്ന റഷീദ് കാറിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം റഷീദ് മരിച്ചു.