വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; വരന്‍ വാഹനാപകടത്തില്‍ മരിച്ചു

accident

ഈരാറ്റുപേട്ട: വിവാഹത്തിന് മൂന്ന് ദിവസം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. സ്‌കൂട്ടറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അരുവിത്തുറ കൊണ്ടൂര്‍ പാറയില്‍ പരേതനായ ജേക്കബിന്റെ (രാജു) മകന്‍ അജിത് (28) മരണപ്പെട്ടത്.

ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡില്‍ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഈമാസം 7നു നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് മരണം. കഴിഞ്ഞ 30നായിരുന്നു അജിത്തിന്റെ വിവാഹ നിശ്ചയം.

അജിത്തിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന ബന്ധു ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സലോമി രാജുവാണ് അജിത്തിന്റെ മാതാവ്. സഹോദരന്‍: അജിന്‍. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top